മൂന്ന് മണിക്കൂർ തുടർച്ചയായി നിർത്തിച്ച് റാഗിങ്, കുഴഞ്ഞുവീണ എം.ബി.ബി.എസ് വിദ്യാർഥിക്ക് ദാരുണാദ്യം
ഗാന്ധിനഗർ: മുതിർന്ന വിദ്യാർഥികളുടെ റാഗിങിന് ഇരയായ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചെന്ന് പരാതി. ഗുജറാത്തിലെ ധാർപുർ പടാനിലുള്ള ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽസിലെ ഒന്നാം വർഷ വിദ്യാർഥി അനിൽ മെതാനിയ ആണ് മരിച്ചത്. റാഗിങിന്റെ ഭാഗമായി അനിലിനെ മൂന്ന് മണിക്കൂർ തുടർച്ചായി നിർത്തിച്ചെന്നും പിന്നീട് കുഴഞ്ഞു വീണെന്നുമാണ് ആരോപണം.
മുതിർന്ന വിദ്യാർഥികളുടെ പീഡനത്തെ സംബന്ധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അനിൽ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു മരണം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. കോളേജിൽനിന്ന് 150 കിലോമീറ്റർ അകലെ ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലാണ് അനിലിന്റെ വീട്.
അനിൽ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അറിയിച്ച് ഇന്നലെ കോളേജിൽനിന്നും ഒരു കോൾ വന്നെന്ന് ബന്ധുവായ ധർമേന്ദ്ര പറഞ്ഞു. ഞങ്ങൾ കോളേജിലെത്തിയപ്പോൾ, മൂന്നാം വർഷ വിദ്യാർഥികൾ അനിലിനെ റാഗിങ് ചെയ്തതായി അറിഞ്ഞു. ഞങ്ങൾക്ക് നീതി വേണം, അദ്ദേഹം ആവശ്യപ്പെട്ടു.
വിവരം അറിഞ്ഞ ഉടനെ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെന്നും സംഭവം പോലീസിനേയും വീട്ടുകാരേയും അറിയിച്ചതായും മെഡിക്കൽ കോളേജ് ഡീൻ ഹർദിക് ഷാ വ്യക്തമാക്കി.
വിദ്യാർഥിയുടെ പിതാവിന്റെ പരാതിയിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കെ.കെ. പാണ്ഡ്യ അറിയിച്ചു. പോസ്റ്റുമോർട്ടം നടത്തി റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമായിരിക്കും തുടർനടപടികളെന്നും റാഗിങിനെ സംബന്ധിച്ച് കോളേജ് അധികൃതരോട് വിവരം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.