പാലക്കാടൻ കാറ്റ് വീശുന്നതെങ്ങോട്ട്? ഇന്ന് കൊട്ടിക്കലാശം
പാലക്കാട്: തീപാറും ആവേശത്തിൽ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. യുഡിഎഫിൻ്റെ രാഹുൽ മാങ്കുട്ടത്തിൽ, എൽഡിഎഫ് സ്വതന്ത്രൻ ഡോ പി സരിൻ, എൻഡിഎയുടെ സി കൃഷ്ണകുമാർ എന്നിവർ തമ്മിലാണ് ഇത്തവണ പോരാട്ടം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഈ മാസം 20 ലേക്ക് മാറ്റിയത്. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങൾക്കാണ് പാലക്കാട് സാക്ഷിയായത്. കോൺഗ്രസിനൊപ്പം നിന്നിരുന്ന പി സരിൻ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായും ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നും പാലക്കാട് സാക്ഷ്യം വഹിച്ചു. നേതാക്കളുടെ മുന്നണിമാറ്റവും കള്ളപ്പണ ആരോപണവും വ്യാജ വോട്ടും ഉൾപ്പെടെ ഒട്ടേറെ വിവാദങ്ങൾ ചർച്ചയായപ്പോൾ കേരളം വീക്ഷിക്കുന്നത് പാലക്കാട്ടെ തെരഞ്ഞെടുപ്പാണ്. ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാർഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്താണ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. യു.ഡി.എഫിന്റെ കലാശക്കൊട്ട് ഒലവക്കോട് നിന്ന് ആരംഭിക്കും. എൽ.ഡി.എഫിൻ്റെ കലാശക്കൊട്ട് വിക്ടോറിയ കോളജിനോട് ചേർന്നുള്ള ഇൻഡോർ സ്റ്റേഡിയം പരിസരത്തു നിന്നാണ് തുടങ്ങുന്നത്. എൻ.ഡി.എ സ്ഥാനാർഥിയുടെ കലാശക്കൊട്ട് മേലാമുറിയിൽ നിന്ന് ആരംഭിക്കും. റോഡ്ഷോകൾ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും മറ്റുള്ളവരും ചേർന്ന് പരസ്യപ്രചാരണത്തിന് ആവേശകരമായ അന്ത്യം കുറിയ്ക്കും. ആവേശം അതിരു കടക്കാതെ സുരക്ഷ ഒരുക്കാനുള്ള നടപടികൾ പൊലീസും പൂർത്തിയാക്കി.