ബോവിക്കാനം-കുറ്റിക്കോൽ റോഡ് നവീകരണ പ്രവൃത്തി ചട്ടഞ്ചാൽ ജാസ്മിനെ തള്ളി ചെന്നൈ കമ്പനി സ്വന്തമാക്കി
17 കി.മീ. റോഡിന് 54.20 കോടി ഫണ്ട് കിഫ്ബിയിൽനിന്നും
കാസർകോട്:മലയോരത്തുനിന്ന് കാസർകോട് നഗരത്തിലേക്കുള്ള എളുപ്പമാർഗമായ ബോവിക്കാനം-കാനത്തൂർ-കുറ്റിക്കോൽ റോഡ് നവീകരണ ചുമതലയുടെ കരാർ ചെന്നൈയിലെ ആർ.എസ്.ഡെവലപ്പ്മെന്റ് കൺസ്ട്രക്ഷൻ കമ്പനിക്ക്. വ്യാഴാഴ്ചയാണ് ടെൻഡർ തുറന്നത്.ബാബ് കൺസ്ട്രക്ഷൻ, ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ എന്നിവയുൾപ്പെടെ നാലുകമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്.
നിശ്ചിതയോഗ്യതയില്ലാത്തതിനാൽ ടെൻഡറിൽ പങ്കെടുത്ത ഒരുകമ്പനിയെ പരിഗണിച്ചില്ല. പദ്ധതിത്തുകയേക്കാളും 1.99 ശതമാനം കുറഞ്ഞ നിരക്കിലാണ് ആർ.എസ്സിന്റെ ടെൻഡർ ക്വാട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം പൊതുമരാമത്ത് സെക്രട്ടറി ചെയർമാനായ ടെൻഡർ കമ്മിറ്റി ചേർന്ന് കരാർ അനുവദിക്കും. കിഫ്ബിയുടെ 54.20 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) ആണ് ഇതിന് വിശദ പദ്ധതിരേഖ തയ്യാറാക്കിയത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കിഫ്ബി ഡയരക്ടർ ബോർഡ് യോഗം പദ്ധതിക്ക് സാമ്പത്തികാനുമതി നൽകിയത്. സാങ്കേതികാനുമതികൂടി നൽകി ടെൻഡർ ചെയ്യാൻ ഒരുവർഷമെടുത്തത് റോഡ് വികസനം ഉപേക്ഷിച്ചെന്ന രീതിയിൽ പ്രചാരണത്തിലെത്തിയിരുന്നു.
റോഡ് വികസനം യാഥാർഥ്യമാക്കാൻ ശ്രമിക്കുമ്പോൾ നടന്ന കുപ്രചാരണങ്ങളിൽ ദുഃഖമുണ്ടെന്നും നിർമാണം യഥാസമയം പൂർത്തിയാക്കാൻ നാട്ടുകാർ സഹകരിക്കണമെന്നും കെ.കുഞ്ഞിരാമൻ എം.എൽ.എ. പറഞ്ഞു. 17 കിലോമീറ്ററാണ് ബോവിക്കാനം-കാനത്തൂർ-കുറ്റിക്കോൽ പി.ഡബ്ല്യു.ഡി. റോഡ്. 2016-17 വർഷത്തെ സംസ്ഥാന ബജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 15 കോടിരൂപ നീക്കിവെച്ചതോടെ റോഡ് വികസനം നാട്ടുകാർ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ അഞ്ചരമീറ്ററുള്ള റോഡ് ഏഴു മീറ്ററാക്കി മെക്കാഡം ചെയ്യും. 32 കൾവർട്ടുകൾ പുതുതായി നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ഐറിസ് ഡ്രൈൻ (പാർശ്വഭാഗം കോൺക്രീറ്റ് ചെയ്യൽ), പാർശ്വഭിത്തി, ഡ്രയിനേജ് എന്നിവ ഉണ്ടാക്കും. ബോവിക്കാനം, ഇരിയണ്ണി, ബേത്തൂർപാറ എന്നീ ടൗണുകളിൽ നടപ്പാതയൊരുക്കി ടൈൽപാകി ഭംഗി കൂട്ടും.
റോഡിൽ സ്റ്റെഡ്, അപകടമേഖലകളിലും വളവുകളിലും മുന്നറിയിപ്പ് സൂചനകൾ എന്നിവ ഒരുക്കും. ചെർക്കളയിൽനിന്ന് കുറ്റിക്കോൽ, ബന്തടുക്ക ഭാഗത്തേക്ക് എളുപ്പമാർഗമാണ് ഈ റോഡ്. ഇതിന്റെ ഏഴുകിലോമീറ്റർ ദൂരം വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ബോവിക്കാനം ടൗണിനോടുചേർന്നും കാനത്തൂരിലും റോഡിന് വീതികൂട്ടാൻ സ്ഥലം ലഭ്യമാക്കേണ്ടിവരും. വൈദ്യുതത്തൂണുകൾ, പൈപ്പ് ലൈൻ എന്നിവ മാറ്റാൻ എസ്റ്റിമേറ്റിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ട്.