തലശ്ശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പാനൂർ വാഴമലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മൈസൂരു സാമ്രാജ്യനഗർ ജില്ലയിലെ പാസ്റ്റൽ നഗറിൽ ഏലിയാസിനെ(47)യാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. മൈസൂരു കാമരാജ് നഗറിലെ ലൂർദ് മേരി(36)യാണ് കൊല്ലപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവനുഭവിക്കണം. പിഴയടച്ചാൽ തുക മകനുൾപ്പെടെയുള്ള അവകാശികൾക്ക് നൽകണം.
കുടുംബത്തിന്റെ പുനരധിവാസത്തിനാശ്യമായ നടപടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സ്വീകരിക്കണമെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. വിധിയുടെ പകർപ്പ് കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രൻ ഹാജരായി.
കുടുംബവഴക്കിനെ തുടർന്ന് ഏലിയാസ് ഭാര്യയെ മരവടിയും ഇരുമ്പുവടിയുംകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ശരീരത്തിൽ 17 മുറിവുകളുണ്ടായിരുന്നു. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാഴമലയിൽ ക്വാറിയിൽ പണിക്കുവന്നതാണ് ഇരുവരും. വാഴമല ക്രിസ്ത്യൻ പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്നതിനിടെ 2013 നവംമ്പർ 23-ന് രാത്രിക്കും 24-ന് പുലർച്ചെയ്ക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം.
മകനുൾപ്പെടെ കൂറുമാറി
കേസിന്റെ വിചാരണവേളയിൽ മകനുൾപ്പെടെ പ്രധാനപ്പെട്ട എട്ട് സാക്ഷികൾ കൂറുമാറി. യുവതിയുടെ അച്ഛൻ, സഹോദരി, ക്വാറിയുടമ എന്നിവരും കൂറുമാറി. യുവതിയുടെ ബന്ധുക്കളായ സാക്ഷികൾക്ക് കന്നടമാത്രമേ അറിയുമായിരുന്നുള്ളൂ. ദ്വിഭാഷിയുടെ സഹായത്തോടെയാണ് സാക്ഷിവിസ്താരം നടത്തിയത്. തെളിവ് നിയമത്തിലെ സവിശേഷമായ തെളിവ് സാധ്യത കോടതി പരിഗണിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയിരുന്നു.