ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ ഗ്രൗണ്ടിൽ കയറി കാറുകളിൽ അഭ്യാസപ്രകടനം. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്ത് കോടതിയിലേക്ക് കൈമാറും..
കുമ്പള: സ്കൂൾ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി അപകടകരമായ വിധത്തിൽ കാർ അഭ്യാസം നടത്തിയതായി പരാതി. ബംബ്രാണ ജി.ബി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബി.കെ സത്യപ്രകാശിൻ്റെ പരാതിയിൽ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അഭ്യാസപ്രകടനത്തിനു ഉപയോഗിച്ച രണ്ടു കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറുകളെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. നവംബർ 14ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് നടന്നു കൊണ്ടിരിക്കെ സ്കൂൾ ഗ്രൗണ്ടിലേക്ക് അമിത വേഗതയിൽ ഇരച്ചെത്തിയ രണ്ടു കാറുകൾ തലങ്ങും വിലങ്ങും ഓടിച്ച് പൊടി പാറിച്ച് അപകടഭീതി ഉയർത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പത്തു മിനുറ്റോളം നീണ്ടുനിന്ന അഭ്യാസ പ്രകടനം ചിലർ വീഡിയോയിൽ പകർത്തുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തതായും ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നു വ്യക്തമായാൽ കാർ ഓടിക്കാൻ നൽകിയവർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് കൂട്ടിച്ചേർത്തു.