നിസാര പ്രശ്നത്തെച്ചൊല്ലി കുമ്പള ടൗണിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പൊലീസെത്തി വിരട്ടിയോടിച്ചു
കാസർകോട്: നിസാരപ്രശ്നത്തെച്ചൊല്ലി കുമ്പള ടൗണിൽ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ്കുമാറിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം. കുമ്പള ഗവ.ഹയർസെക്കണ്ടറി സ്കൂളിലെയും ഷിറിയ ഗവ ഹയർസെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഘടിതരായി എത്തിയ വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവർ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. കുറേ ദിവസങ്ങളായി രണ്ട് സ്കൂളുകളിലെയും വിദ്യാർത്ഥികൾ ഷിറിയയിലും കുമ്പളയിലും സംഘടിച്ച് പോർവിളി നടത്തിവരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.