കാസർകോട് ചക്കര ബസാറിലെ പെയിൻ്റ് കടയിൽ തീപിടിത്തം; ഫയർഫോഴ്സിൻ്റെ അവസരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവായി
കാസർകോട്: കാസർകോട് ചക്കര ബസാറിലുള്ള പെയിൻ്റ് കടയിൽ തീപിടിത്തം. ഫയർഫോഴ്സിൻ്റെ അവസരോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. റഷീദിൻ്റെ ഉടമസ്ഥതയിലുള്ള എംജി റോഡിലെ കെ എച്ച് ട്രേഡേഴ്സ് പെയിന്റ് കടയിലാണ് തീപിടിത്തം. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തം പൊലീസിൻ്റെ ശ്രദ്ധയിൽപെട്ടത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് പെയിൻ്റ് കടയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻതന്നെ കാസർകോട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. മണിക്കുറുകൾക്കകം തന്നെ തീ കെടുത്താൻ അഗ്നിശമന സേന അംഗങ്ങൾക്ക് സാധിച്ചു. ഒരു കോടിയോളം രൂപ വില വരുന്ന പെയിൻ്റ് സാധനങ്ങൾ നാലു മുറികളിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി കടയുടെ ഷട്ടർ അടക്കാൻ സാധിക്കാത്തതിനാൽ വെൽഡിങ് നടത്തിയിരുന്നു. വെൽഡിങ് നടത്തുമ്പോൾ ഉണ്ടായ തീപ്പൊരി അകത്തുള്ള മര ബീമിലേക്ക് തെറിച്ചിരുന്നു. ഇത് അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തീ പിന്നീട് മരത്തിൽ പടർന്നു. മരത്തിൻ്റെ ബീമിൽ കത്തി പടരുമ്പോഴേക്കും ഫയർഫോഴ്സ് എത്തിയിരുന്നു. ബീമിലെത്തി അണച്ച് മറ്റു സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. കാസർകോട് അഗ്നി നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിഎൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ശ്രീകേഷ്, അഖിൽ, അശോകൻ, അഭിഷയൻ, രാജു, അജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.