ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; റിട്ട എന്‍ജിനീയറായ 70 വയസ്സുകാരന് നഷ്ടപ്പെട്ടത് 10 കോടി
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ റിട്ട.എന്‍ജീനിയറായ 70 വയസ്സുകാരന് തന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടു. മാരകമയക്കുമരുന്ന് അടങ്ങിയ പാഴ്സല്‍ എന്നീയറുടെ പേരില്‍ അയക്കാൻ രജിസ്റ്റര്‍ ചെയ്തത് പിടികൂടിയെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. തായ്വാനില് നിന്നെത്തിയ മയക്കുമരുന്നാണ് കണ്ടെത്തിയതായി തട്ടിപ്പുകാര്‍ അറിയിച്ചത്. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം നടന്നത്. 10 കോടി രൂപയാണ് എന്‍ജിനീയര്‍ക്ക് നഷ്ടമായത്. നിയമപാലകരെന്ന വ്യാജേന തട്ടിപ്പുകാര്‍ എന്‍ജിനീയറെ നിര്‍ബന്ധിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യിപ്പിക്കുകയായിരുന്നു.
നഷ്ടമായ തുകയില്‍ 60 ലക്ഷം രൂപ മരവിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞു, ബാക്കിയുള്ള പണം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. എന്‍ജിനീയര്‍ക്ക് ഒരു പാക്കേജുമായി ബന്ധപ്പെട്ട കോള്‍ വരികയും അതിനുള്ള മറുപടിയില്‍ വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോദിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ പാക്കേജ് എന്ജിനീയരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് പിടികൂടിയതായും തട്ടിപ്പുകാര്‍ അറിയിച്ചു. സഹകരിച്ചില്ലെങ്കില്‍ കേസെടുക്കുമെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിഭ്രാന്തനായ എന്‍ജിനീയറോട് നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
തട്ടിപ്പുകാര്‍ അദ്ദേഹത്തോട് ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാനും ഫോണോ ലാപ്ടോപ്പ് ക്യാമറയോ ഓണാക്കാനും ഏകദേശം എട്ട് മണിക്കൂറോളം വീഡിയോയില്‍ തുടരാനും നിര്‍ദ്ദേശിച്ചു. ക്യാമറ മാറുകയോ ഓഫ് ചെയ്യുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും കുടുംബം മുഴുവന്‍ ഇതില്‍ ഉള്‍പ്പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
എന്‍ജീനിയര്‍ എല്ലാം സമ്മതിച്ചപ്പോള്‍ മുംബൈ പോലീസ് ഓഫീസറായി അഭിനയിക്കുന്ന മറ്റൊരു വ്യക്തി സ്ക്രീനില്‍ വന്നു. അറസ്റ്റ് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞാണ് ഈ വ്യാജ ഉദ്യോഗസ്ഥന് എന്‍ജിനീയറുടെ വിശ്വാസം നേടിയത്. ഈ തന്ത്രം ഉപയോഗിച്ച്, തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും എന്‍ജിനീയറുടെ സമ്പാദ്യം സംരക്ഷിക്കാന്‍ പണം ‘സുരക്ഷിത’ അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് ആവശ്യമാണെന്ന് ആയാളെ അറിയിക്കുകയും ചെയ്തു.
എട്ട് മണിക്കൂറിനുള്ളില്‍, തട്ടിപ്പുകാര്‍ നല്കിയ വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് അയാള്‍ തന്റെ സമ്പാദ്യമെല്ലാം കൈമാറ്റം ചെയ്തു. ഇയാളുടെ അക്കൗണ്ടുകള്‍ കാലിയാക്കിയതോടെ മക്കളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.
തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ന്നതിന് ശേഷമാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി എന്‍ജിനീയര്‍ക്ക് മനസ്സിലായത്. ഉടന്‍ തന്നെ അയാള്‍ സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത്, കേസ് സൈബര്‍ ക്രൈം യൂണിറ്റിന് കൈമാറുകയായിരുന്നു.