മകളുടെ വിവാഹ ചടങ്ങിന് വേദിയിൽ കയറിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു
കാസർകോട്: മകളുടെ വിവാഹ ചടങ്ങിനായി വേദിയിലെത്തി ഇരിപ്പിടത്തിൽ ഇരിക്കുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. മംഗളൂരു കാസിർഗുബ്നു സ്വദേശി അബ്ദുൽ ബഷീർ (50) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൊഗ്രാൽ പുത്തൂർ അഡ്രസ്സ് വില്ല കൺവെൻഷൻ സെൻട്രലിലാണ് സംഭവം. മകൾ മുഹ്സിനയുടെയും ബന്ധുവും കൊടിയമ്മ സ്വദേശിയുമായ സിദ്ദീഖിൻ്റെയും വിവാഹമാണ് വ്യാഴാഴ്ച നടന്നത്. വിവാഹത്തിന് മുമ്പായി സിദ്ദീഖിൻ്റെ സഹോദരൻ നസീറിന്റെ വിവാഹം ആദ്യം വേദിയിൽ നടന്നിരുന്നു. തുടർന്ന് മകൾ മുഹ്സിനയുടെയും സിദ്ദീഖിന്റെയും വിവാഹം കഴിപ്പിക്കാനായി ബഷീർ വേദിയിൽ കയറി ഇരിപ്പിടത്തിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനിടെ മുഹ്സിനയുടെ വിവാഹം സഹോദരൻ മുനീസ് നടത്തി ക്കൊടുത്തു. ബഷീറിൻ്റെ മൃതദേഹം രാത്രിയോടെ അരക്കലവൂർ പള്ളി അങ്കണത്തിൽ ഖബറടക്കി. മുഹമ്മദിൻ്റെയു സാറയുടെയും മകനാണ് ബഷീർ. മുഫീന മറ്റൊരു മകളണ്. മരുമകൻ: റഫീഖ്, സഹോദരൻ: ലത്തീഫ്