ഏഴ് വയസുകാരന്റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം
ഡൽഹി: ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ഇടത് കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരന്റെ വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്ന് പരാതി. ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നല്കി. നവംബർ 12 നാണ് സെക്ടർ ഗാമ 1ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയില്‍ ഏഴ് വയസ്സുകാരൻ യുധിഷ്ഠിർ ചികിത്സക്കെത്തിയത്.
ഇടത് കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം, ഡോക്ടർ ആനന്ദ് വർമ്മ പറഞ്ഞത് കുട്ടിയുടെ കണ്ണില്‍ പ്ലാസ്റ്റിക് പോലുള്ള ഒരു വസ്തു ഉണ്ടെന്നും ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്നുമാണ്. എന്നാൽ ശസ്ത്രക്രിയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ഇടത് കണ്ണിനല്ല, വലതു കണ്ണിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്ന് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടർന്ന് മാതാപിതാക്കള്‍ ചോദിക്കാൻ ചെന്നപ്പോള്‍ ഡോക്ടറും ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയതെന്ന് കുടുംബം പറയുന്നു. തുടർന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കല്‍ ഓഫീസർക്ക് (സിഎംഒ) പരാതി നല്കി. ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടറുടെ ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.