ന്യൂഡൽഹി: കഴിഞ്ഞദിവസം കോൺഗ്രസ് എം.പിമാരെ സസ്പെന്റ് ചെയ്ത ലോക്സഭാ സ്പീക്കർ ഓം ബിർള ഒന്നാംന്തരം ആർ.എസ്.എസുകാരൻ. ലോക്സഭാ സ്പീക്കർ തസ്തികയിലേക്ക് കോട്ട-ബുണ്ടി എം.പി ഓം ബിർളയെ തെരഞ്ഞെടുത്തത് ഏവരേയും അത്ഭുപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ, അതിനേക്കാൾ വലിയ ഞെട്ടലുണ്ടാക്കിയത് ഓം ബിർളയെക്കുറിച്ചുള്ള ചില വിവരങ്ങൾ ലോക്സഭാ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായതായിരുന്നു. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ചുമതലയിലുള്ള ലോക്സഭാ വെബ്സ്റ്റിൽ നിന്നും ഓം ബിർളയുടെ ആർ.എസ്.എസ് അംഗത്വവും ബാബരി മസ്ജിദ് ധ്വംസന കേസിൽ ജയിലിൽ കിടന്ന വിവരവും പരാമർശിക്കുന്ന ഖണ്ഡികകളാണ് ലോക്സഭാ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തത്. : ലോക്സഭാ വെബ്സൈറ്റിലെ ബിർളയുടെ പ്രൊഫൈലിന്റെ മുൻ പതിപ്പിൽ ആർ.എസ്.എസുമായുള്ള ബന്ധം വ്യക്തമായി പരാമർശിച്ചിട്ടുണ്ടെങ്കിലും, എഡിറ്റുചെയ്ത പതിപ്പിൽ ഇതിനെക്കുറിച്ച് ഒരു പരാമർശവുമില്ല. ഇതുമാത്രമല്ല, പ്രൊഫൈൽ എഡിറ്റു ചെയ്യുന്നതിനു മുൻപ് ബാബരി ധ്വംസന കേസിൽ ഓം ബിർള ജയിൽ വാസം അനുഭവിച്ച വിവരവും ഉണ്ടായിരുന്നു. എന്നാൽ, ഈ ഖണ്ഡികകളൊന്നും പുതിയ പതിപ്പിൽ കാണാനില്ല. “റാം മന്ദിർ നിർമ്മാണ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയായ ഓം ബിർള ഉത്തർപ്രദേശിൽ തടവിലാക്കപ്പെട്ടിരുന്നു”- ലോക്സഭാ വെബ്സൈറ്റിലെ പഴയ പ്രൊഫൈലിലെ വരികളായിരുന്നു ഇത്. എന്നാൽ, എഡിറ്റു ചെയ്ത പ്രൊഫൈലിൽ എം.പിയെന്ന നിലയിൽ ചെയ്ത മികച്ചതും മാനുഷികവുമായ പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്. ആർ.എസ്.എസ് ബന്ധവും ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട എല്ലാ ഭാഗവും നീക്കം ചെയ്തിരിക്കുകയാണ് .