സ്വാമിയാണെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയ 60കാരൻ അറസ്റ്റിൽ
തിരുവനന്തപുരത്ത് സ്വാമിയാണെന്ന് വിശ്വസിപ്പിച്ച് വ്യാജ സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിയ 60കാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ ആണ് അറസ്റ്റിലായത്.
ബയോ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി നൽകാമെന്ന പേരിലാണ് കടയ്ക്കാവൂർ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയെടുത്തത്. ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തപസ്യാനന്ദ ഇടനിലക്കാരനായാണ് പണം വാങ്ങിയത്. സ്വാമി ചമഞ്ഞായിരുന്നു യുവാക്കളെ വലയിലാക്കിയത്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന ഇയാൾ കേസുകൾ വന്നതോടെ കർണാടകത്തിലേക്കും അവിടെനിന്ന് വയനാട്ടിലേക്കും കടക്കുകയായിരുന്നു.
കടയ്ക്കാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.