സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി, അന്വേഷണം ആരംഭിച്ച് പൊലീസ്
മുംബൈ : ലോറൻസ് ബിഷ്ണോയ് സംഘത്തിന്റേത് എന്ന പേരില്‍ നടൻ സല്മാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഇന്നലെ രാത്രി മുംബൈ ട്രാഫിക് കണ്ട്രോള് റൂമിലേക്കാണ് സന്ദേശം എത്തിയത്. ഇതോടെ സല്മാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് സുരക്ഷ കൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സല്മാൻ ഖാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം കർണാടകയില്‍ പിടിയിലായിരുന്നു. രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയിയാണ് അറസ്റ്റിലായത്. ഒരു മാസമായി കർണാടക ഹാവേരിയില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. സല്‍മാന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.