തമിഴ്നാട്ടില്‍നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്
കൊല്ലം: തമിഴ്നാട്ടിൽ സൗജന്യമായി വിതരണംചെയ്യുന്ന ടൺകണക്കിന് റേഷനരി കേരളത്തിലേക്ക് കടത്തുന്നു. കൃത്യമായ വിവരങ്ങൾ സഹിതം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർക്കു ലഭിച്ച പരാതിപ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിൽ അരിക്കടത്ത് മാഫിയയെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏജന്റുമാർ, അരി മുതലാളിമാർ, മില്ലുടമകൾ എന്നിവരടങ്ങുന്ന വലിയ ശൃംഖലയാണ് തട്ടിപ്പിനു പിന്നിൽ. സമാനമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അമരവിള ചെക്പോസ്റ്റിൽ തമിഴ്നാട് അധികൃതർ 22.5 ടൺ അരി പിടികൂടി. അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. 24 പേർ പിടിയിലായി. കേരളത്തിലെ മില്ലുടമയടക്കം അഞ്ചുപേർ ഒളിവിലാണെന്നാണ് അറിയുന്നത്.
സംഭരണകേന്ദ്രങ്ങളിൽനിന്ന് മുതലാളിമാർ കാട്ടാക്കട, പെരുമ്പാവൂർ ഭാഗങ്ങളിലെ മില്ലുകളിലെത്തിക്കുന്ന റേഷനരി തവിടും തവിടെണ്ണയും ചേർത്ത് പോളിഷ് ചെയ്ത് വിവിധ ബ്രാൻഡുകളാക്കി മാറ്റുന്നെന്നാണ് വിവരം. അരിക്കടത്ത് മാഫിയയ്ക്ക് കേരളത്തോടു ചേർന്ന് തമിഴ് ഗ്രാമങ്ങളിൽ നൂറുകണക്കിന് ഏജന്റുമാരാണുള്ളത്. കിലോഗ്രാമിന് എട്ടുമുതൽ 12 രൂപവരെ നൽകി ഇവരാണ് വീടുകളിൽനിന്ന് സൗജന്യ റേഷനരി ശേഖരിക്കുന്നത്. ഇത് ചെക്പോസ്റ്റുകൾ വഴി പുലർച്ചെയും അർധരാത്രി കഴിഞ്ഞും സംഭരണകേന്ദ്രങ്ങളിൽ എത്തിക്കും. 50 കിലോഗ്രാം ചാക്കുകളിലാക്കി ഇവിടെനിന്ന് മില്ലുകളിലേക്ക് കൊണ്ടുപോകുകയാണ്.
ആര്യങ്കാവിലെ അരിസംഭരണ കേന്ദ്രങ്ങളെപ്പറ്റിയുള്ള പരാതി അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം പലതവണ പ്രദേശത്ത് നിരീക്ഷണം നടത്തി. വാഹനങ്ങളിൽ എത്തിക്കുന്നതിനു പുറമേ തീവണ്ടിയിൽ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിലെത്തി സമീപത്തുള്ള സംഭരണകേന്ദ്രത്തിൽ നേരിട്ട് അരി വിൽക്കാനെത്തുന്നവരെയും കണ്ടു. പുളിയറ, ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിൽനിന്നുള്ള വയോധികരാണ് ഇങ്ങനെ 25-30 കിലോഗ്രാം അരി തീവണ്ടിയിൽ കൊണ്ടുവന്ന് വിൽക്കുന്നത്. ഏജന്റിന് നൽകിയാൽ ഒരു കിലോഗ്രാം അരിക്ക് 10 രൂപ കിട്ടുന്ന സ്ഥാനത്ത് സംഭരണകേന്ദ്രത്തിൽ എത്തിച്ചാൽ 22 മുതൽ 25 രൂപവരെ ലഭിക്കുമെന്നതാണ് ആകർഷണം. പാലക്കാട്, ഇടുക്കി ജില്ലാ അതിർത്തികളിലൂടെയും വൻതോതിൽ തമിഴ്നാട് അരി കേരളത്തിലെത്തുന്നുണ്ടെന്ന് പൊതുവിതരണവകുപ്പ് അധികൃതർ സ്ഥിരീകരിക്കുന്നു. ദക്ഷിണമേഖലാ റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി.വി.മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.