40 ലക്ഷം രൂപയുടെ ഇൻഷൂറൻസ് തട്ടാൻ പഴം വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊന്നു; ഉറ്റസുഹൃത്ത് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
മംഗ്ളൂരു: 40 ലക്ഷം രൂപയുടെ ഇൻഷൂറൻസ് തട്ടാൻ പഴം വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്നു വരുത്തിത്തീർക്കാൻ ശ്രമം. പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് ഉറ്റ സുഹൃത്ത് ഉൾപ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു. ദാവണഗരെ, ആസാദ്നഗർ സ്വദേശികളായ ഗണേഷ് (24), അനിൽ (18), ശിവകുമാർ (25), മാരുതി (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പഴം വ്യാപാരിയായ ഇമാം നഗർ സ്വദേശി ദുഗ്ഗേഷ് ആണ് കൊല്ലപ്പെട്ടത്. ദുഗ്ഗേഷും ഗണേഷും ഉറ്റ ചങ്ങാതിമാരാണ്. ഗണേഷ്, സുഹൃത്തിനെ 40 ലക്ഷത്തിൻ്റെ ഇൻഷൂറൻസിൽ ചേർത്തതോടെയാണ് കൊലപാതകത്തിൻ്റെ തിരക്കഥ ആരംഭിക്കുന്നത്. ഉറ്റസുഹൃത്തായതിനാലാണ് ഗണേഷ് ആവശ്യപ്പെട്ട പോലെ ഇൻഷൂറൻസ് പോളിസി എടുത്തത്. ആദ്യ പ്രീമിയം അടയ്ക്കുകയും ചെയ്തു. രണ്ടാമത്തെ പ്രീമിയം അടക്കുന്ന സമയത്ത് ക്ലെയിം ചെയ്യേണ്ട ഘട്ടത്തിൽ സമർപ്പിക്കേണ്ടുന്ന എല്ലാ രേഖകളും ഗണേഷിനെ അവകാശിയാക്കിക്കൊണ്ട് തയ്യാറാക്കി കൈക്കലാക്കിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. രേഖകളെല്ലാം കൈക്കലാക്കി കഴിഞ്ഞ ശേഷമാണ് കൊല നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ദുഗ്ഗേഷിനെ സൂത്രത്തിൽ കുട്ടിക്കൊണ്ടു പോയി മറ്റു മൂന്നു പേരുടെ സഹായത്തോടെ കഴുത്തു ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വാഭാവിക മരണമാണെന്നു വരുത്തിത്തീർത്ത് ഇൻഷൂറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ദുഗ്ഗേഷിൻ്റെ ബന്ധുക്കളായ ചിലർക്ക് മരണത്തിൽ സംശയം തോന്നുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്നു കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തത്.