പള്ളിയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ആളെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമം; ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് മംഗ്ളൂരുവിൽ വച്ച് പിടികൂടി
കാസർകോട്: സ്കൂട്ടറിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ആളെ ടിപ്പർ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമം. അക്രമത്തിനു ശേഷം ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് മംഗ്ളൂരു, സൂരത് കല്ലിൽ വച്ച് പിടികൂടി. ബുധനാഴ്ച പുലർച്ചെ മീത്തൽ എടനീരിലാണ് സംഭവം. എടനീർ, ചാപ്പാടി, ബൾക്കീസ് ഹൗസിലെ സി.എച്ച് അബ്ദുൽ റഹ്മാൻ (65) ആണ് അക്രമത്തിനു ഇരയായത്. ഇയാൾ ആശുപത്രിയിലാണ്. അക്രമം നടത്തിയ ചാപ്പാടിയിലെ അബ്ദുല്ല (52)യെ മംഗ്ളൂരു, സൂരത്ത്കല്ലിൽ വച്ച് അറസ്റ്റു ചെയ്തു. അബ്ദുൽ റഹ്മാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബദിയഡുക്ക ഭാഗത്തു നിന്നും എത്തിയ ടിപ്പർ ലോറിയിടിച്ചാണ് കൊല്ലാൻ ശ്രമിച്ചതെന്നു വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പറഞ്ഞു. ലോറിയിടിച്ച് സമീപത്തെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ മതിലും തകർന്നു. അക്രമത്തിനു ശേഷം രക്ഷപ്പെട്ട അബ്ദുല്ല ലോറിയുമായി കർണ്ണാടകയിലേക്ക് കടന്നു കളഞ്ഞതായി പൊലീസ് കണ്ടെത്തി. തുടർന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യു.പി വിപിൻ്റെ നേതൃത്വത്തിൽ സൂരത്ത്കല്ലിലെത്തി അബ്ദുല്ലയെ അറസ്റ്റു ചെയ്യുകയായിരുന്നു. മുൻ വിരോധമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എസ്.ഐ.മാരായ വൈ.വി അജീഷ്, ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി. റോജൻ, പൊലീസുകാരായ ആർ പ്രശാന്ത്, സനൂപ് എന്നിവരും ഉണ്ടായിരുന്നു.