ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിടാനുള്ള ഓപറേഷന് നടക്കുന്നതിനിടെ, ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. മൂന്ന് എംഎല്‍എമാര്‍ ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തി. ശരദ് കോല്, സഞ്ജയ് പഥക്, നാരായണ്‍ ത്രിപാഠി എന്നിവരാണ് രാത്രി മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രി സുരേന്ദ്ര സിങ് ഹണിയുടെ കൂടെയാണ് ത്രിപാഠി ഇദ്ദേഹമെത്തിയത്. മയ്ഹര് എംഎല്‍എ രാജിവയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. സംസ്ഥാനത്തെ വന്‍കിട വ്യവസായികളില്‍ ഒരാളാണ് സഞ്ജയ് പഥക്. കോണ്‍ഗ്രസ് വിട്ടാണ് ഇദ്ദേഹം ബി.ജെ.പിയിലെത്തിയിരുന്നത്. പുലര്‍ച്ചെ ഒരു മണിക്കാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് പുറത്തുപോയത്. ശരദ് കോല് മുഖ്യമന്ത്രിയെ കണ്ടു എന്നു പറയുന്നുണ്ടെങ്കിലും ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല. . നിലവില്‍ ബിസഹുലാല്‍ സിങ്, രഘുറാജ് സിങ് കന്‍സാന എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരും സ്വതന്ത്രന് സുരേന്ദ്ര സിങ് ഷേരയും അജ്ഞാത കേന്ദ്രത്തിലാണ്. ഇവര്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഹര്‍ദീപ് ഡാങ് രാജിവച്ചെന്ന് വാര്‍ത്ത കോണ്‍ഗ്രസിന് തിരിച്ചടിയായി. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അതേസമയം, മദ്ധ്യപ്രദേശില്‍ ഓപ്പറേഷന് ലോട്ടസ് നടപ്പാക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഡല്‍ഹിയില്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് അരവിന്ദ് മേനോന്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയായി. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ കമല്‍നാഥിനെതിരെ രംഗത്തുവരുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 35 എംഎല്‍എമാരെങ്കിലും ഈ വിഭാഗത്തിലുണ്ട്. അത്തരമൊരു സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ .