ബിജെപിയിൽ പൊടിപാറുന്ന കൂട്ടക്കലാപം പദവികൾ ഏറ്റെടുക്കില്ലെന്ന് രമേശും ശോഭാസുരേന്ദ്രനും എ എൻ രാധാകൃഷ്ണനും
കൊച്ചി: സംസ്ഥാന ഭാരവാഹികളെ നിയമിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങൾ സംസ്ഥാന ബിജെപിയിൽ രൂക്ഷമായി . ചുമതലകൾ ഏറ്റെടുക്കില്ലെന്ന് മുതിർന്ന നേതാക്കളായ എം ടി രമേശും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെയാണ് ഇക്കാര്യം അറിയിച്ചത്.
കൃഷ്ണദാസ് പക്ഷത്തെ പാടെ ഒഴിവാക്കി വി മുരളീധരനും കെ സുരേന്ദ്രനും പാർടിയെ പൂർണമായും പിടിച്ചടക്കിയതിൽ പാർടിയിൽ കലാപം പുകയുന്നതിനിടെയാണ് മുതിർന്ന നേതാക്കൾ സ്ഥാനമേറ്റെടുക്കില്ല എന്ന് പറയുന്നത്. ഭാരവാഹി പട്ടികയിൽ കൂടിയാലോചന നടന്നില്ലെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എം എസ് കുമാർ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസംതന്നെ അറിയിച്ചിരുന്നു.
ജനറൽ സെക്രട്ടറിമാരായിരുന്ന കൃഷ്ണദാസ് പക്ഷത്തെ എ എൻ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി ഒതുക്കിയാണ് പുതിയ നിയമനം. ആർഎസ്എസ് നിർബന്ധിച്ചതിനാൽ എം ടി രമേശിനെ മാത്രം ജനറൽ സെക്രട്ടറിയായി നിലനിർത്തി. മുതിർന്ന നേതാക്കളായ എൻ ശിവരാജൻ, പി എം വേലായുധൻ, കെ പി ശ്രീശൻ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബിജെപിയിൽ വി മുരളീധരൻ പക്ഷത്തിന് സമ്പൂർണ ആധിപത്യമായി.
എം ഗണേശനെ സംഘടനാ ജനറൽ സെക്രട്ടറിയായി നിയമിച്ചതു മാത്രമാണ് ആർഎസ്എസിനുള്ള നേട്ടം. പത്ത് വൈസ് പ്രസിഡന്റുമാരിൽ എ എൻ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും ആറ് ജനറൽ സെക്രട്ടറിമാരിൽ എം ടി രമേശും പത്ത് സെക്രട്ടറിമാരിൽ മൂന്നുപേരും മാത്രമാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ആറ് മോർച്ചാ ഭാരവാഹികളെയും നിയമിച്ച് പോഷകസംഘടനകളുടെ പൂർണ നിയന്ത്രണവും മുരളീധരപക്ഷം കൈക്കലാക്കി. ജനറൽ സെക്രട്ടറിമാരായി നിയമിച്ചവരിൽ ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ എന്നിവർക്കു പുറമെ സഹസംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷും സുരേന്ദ്രന്റെ വിശ്വസ്തനാണ്.
. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൃഷ്ണദാസ്പക്ഷത്തിനായിരുന്നു. സംസ്ഥാന പ്രസിഡന്റിനായുള്ള അഭിപ്രായവോട്ടെടുപ്പിലും ഭൂരിപക്ഷം കിട്ടി. ഇത് അട്ടിമറിച്ചാണ് സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായത്.