മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബസിൽ ആളുകൾ കുറവായിരുന്നു. മുപ്പതിലേറെ പേർക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ദീർഘദൂര ബസാണ് അപകടമേറ്റതെന്നാണ് നാട്ടുകാർ പറയുന്നത്. തൊട്ടിൽപാലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. 11.15ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു പാടത്തേക്കാണ് ബസ് മറിഞ്ഞുവീണത്. ബസിൽ യാത്രക്കാർ കുറവായിരുന്നു. ബസിന്റെ വശങ്ങൾ തകർക്കും ചില്ലുകൾ വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാർ ആളുകളെ പുറത്തേക്കെടുത്തത്.
അപകടം സംഭവച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാർ തങ്ങളുടെ വാഹനത്തിലും ആംബുലൻസുകളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്റെ വേഗത കുറവായതും യാത്രക്കാർ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.