മാങ്ങാട് സൂപ്പർമാർക്കറ്റിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങൾ കത്തിനശിച്ചു
കാസർകോട്: മാങ്ങാട് സൂപ്പർമാർക്കറ്റിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ സാധനങ്ങൾ കത്തിനശിച്ചു. മാങ്ങാട് കർഷക ക്ഷേമ സഹകരണ സംഘത്തിൻ്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന ‘അമ്മ’ സൂപ്പർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് അരമങ്ങാനത്തെ ജയറാമിൻ്റെ ഉടമസ്ഥതയിള്ള ‘അമ്മ’ സൂപ്പർ മാർക്കറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ സ്ഥാപന ഉടമയെയും കാസർകോട് ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കാസർകോട് അഗ്നിരക്ഷ നിലയത്തിൻ്റ 2 യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീ കെടുത്തിയത്. കടയിൽ ഉണ്ടായിരുന്ന ഗ്രോസറി, ഫർണിച്ചറുകൾ മറ്റു അനുബന്ധസാധനങ്ങൾ എന്നിവ ഭാഗികമായി കത്തി നശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. നാട്ടുകാരുടെയും സേനയുടെയും സഹായത്തോടെ തീ പൂർണ്ണമായും കെടുത്തി വൻ ദുരന്തം ഒഴിവാക്കി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എംകെ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിഎം സതീശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി അമൽ രാജ്, പിസി സിറാജുദ്ദീൻ, ആകാശ് കിരൺ, എസ് അഭിലാഷ്, ഗോകുൽ കൃഷ്ണ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ ഇ പ്രസീത്. ഒകെ പ്രജിത്ത്, ഹോം ഗാർഡുമാരായ പ്രവീൺ, രാജേന്ദ്രൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീകെടുത്തിയത്.