ബോവിക്കാനത്ത് നിന്ന് ചട്ടഞ്ചാലിലേക്ക് ഒറ്റയടിക്ക് 7 കിമി കുറയും; പറഞ്ഞ് പറ്റിക്കാതെ പാലം തരൂ,ബാവിക്കര നിവാസികൾ
കാസര്‍കോട്: കാസര്‍കോട് ബാവിക്കരയില്‍ തടയണക്ക് സമാന്തരമായി പാലം നിര്‍മ്മിക്കണമെന്നും പ്രഖ്യാപിച്ച ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കി നാട്ടുകാര്‍. പാലം നിര്‍മ്മിച്ചാല്‍ ബോവിക്കാനത്ത് നിന്ന് ചട്ടഞ്ചാലിലേക്കുള്ള ദൂരം ഏഴ് കിലോമീറ്ററായി കുറയും. കാസര്‍കോട് ബാവിക്കരയില്‍ പാലവും ടൂറിസം പദ്ധതിയും ഇതാ വരുന്നൂവെന്ന് പറയാൻ തുടങ്ങിയിട്ട് കാലങ്ങളായെന്ന് നാട്ടുകാര്‍ പറയുന്നു. എംഎൽഎ ഉൾപ്പെടെയുള്ള അധികൃതർ പറഞ്ഞ് പറ്റിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
2024 മാർച്ചിൽ അഞ്ചുകോടി ചെലവിലുള്ള ടൂറിസം പദ്ധതി വരുമെന്ന് പറഞ്ഞെങ്കിലും ഇതുവരേയും വന്നില്ലെന്ന് നാട്ടുകാരനായ നൂറുദ്ദീൻ പറയുന്നു. എംഎൽഎയുടെ ഭാഗത്ത് നിന്ന് വേണ്ട രീതിയിലുള്ള ഇടപെടലുണ്ടായില്ലെന്നും നൂറുദ്ദീൻ പറഞ്ഞു. ടെൻഡർ നടപടി കഴിഞ്ഞതാണ്. ഇതുവരെ ഒന്നും തുടങ്ങിയില്ല. അന്വേഷിക്കുമ്പോൾ മറുപടിയും ലഭിക്കുന്നില്ലെന്ന് സമരസമിതി ചെയർമാൻ അബ്ദുല്ല പറയുന്നു. ഇറിഗേഷൻ വകുപ്പ് ഗ്ലാസ് പാലവുമുൾപ്പെടെ കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും നിലവിൽ ഒരു അനക്കവുമില്ലെന്ന് അബ്ദുല്ല പറയുന്നു.
തെളിവായി പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നത് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റുകള്ളും കൂടിയാണ്. 2023 ലും 2024 ലും സിഎച്ച് കുഞ്ഞമ്പു എംഎല്‍എ പോസ്റ്റ് ചെയ്തവയാണത്. പാലം വരുമെന്ന് ഉറപ്പു നൽകുന്ന പോസ്റ്റുകളാണവ. പയസ്വിനി, കരിച്ചേരി പുഴകള്‍ സംഗമിച്ച് ചന്ദ്രഗിരിപ്പുഴയായി ഒഴുകുന്ന ബാവിക്കരയിലാണ് റെഗുലേറ്ററുള്ളത്. ഇവിടെ മുളിയാര്‍- ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലവും ടൂറിസം പദ്ധതിയും കാത്തിരിക്കുകയാണിവര്‍. അപേക്ഷ നല്‍കിയും പരാതി പറഞ്ഞും മടുത്ത ജനങ്ങള്‍ ഒടുവില്‍ ജലസേചന വകുപ്പ് ഓഫീസിന് മുന്നില്‍ സമരം സംഘടിപ്പിച്ചു. ബാവിക്കര പാലം വരുന്നതോടെ മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കും സുള്ള്യ ഭാഗത്ത് നിന്ന് വരുന്നവര്‍ക്കും ചട്ടഞ്ചാല്‍ ദേശീയ പാതയിലേക്ക് എത്താന്‍ എളുപ്പമാകും.