ഉമര്‍ ഫൈസിക്കെതിരെ നടപടിയെടുത്തേ തീരൂവെന്ന് ലീഗ്; പ്രതിരോധിക്കാന്‍ സമസ്ത മുശാവറ അംഗങ്ങള്‍ രംഗത്ത്
കോഴിക്കോട്: മുസ്ലിം ലീഗ് സമസ്ത ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് മുസ്ലിംലീഗ്. ഇതിനെ പ്രതിരോധിക്കാന്‍ സമസ്ത മുശാവറയിലെ ഒരു വിഭാഗം നേതാക്കള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തു. സമസ്ത സെക്രട്ടറിയാണ് ഉമര്‍ ഫൈസി. ലീഗ് നേതൃത്വവുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ സമസ്തയിലെ ഭിന്നിപ്പും മറനീക്കി പുറത്തുവരുന്നുണ്ട്. അതിന്റെ ഭാഗമാണ് ഉമ്മര്‍ ഫൈസിക്ക് പിന്തുണയര്‍പ്പിച്ച് ഒരു വിഭാഗം മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഉമ്മര്‍ ഫൈസിയുടെ പ്രസ്താവന സമസ്തയുടേതല്ലെന്ന് വ്യക്തമാക്കി നേതൃത്വം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുശാവറ അംഗങ്ങളുടെ വേറിട്ട പ്രസ്താവന. ഉമര്‍ ഫൈസിക്കെതിരെ നടപടിയെടുത്തേ തീരുവെന്ന ആവശ്യത്തില്‍ ലീഗ് നേതൃത്വം കടുത്ത നിലപാടിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണിത്. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് പൊതുയോഗങ്ങളും രഹസ്യമായ നീക്കങ്ങളും ലീഗ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ സമസ്ത നേതാക്കള്‍ക്കെതിരെ വിമര്‍ശനം നടത്തിയ മുസ്ലിം ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദ്യവും ലീഗ് വിരുദ്ധ വിഭാഗം ചോദിക്കുന്നു.
ഉമര്‍ ഫൈസിയുടെ പ്രസ്താവന സമസ്തയുടേതല്ലെന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ ദിവസം മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിമര്‍ശനത്തെ ഗൗരവമായി കാണുന്നെന്നും ഇക്കാര്യത്തില്‍ പരാമര്‍ശം സമസ്തയുടേതല്ലെന്ന പ്രസ്താവന മാത്രം മതിയാകില്ല. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത് ഗൗരവമുള്ള കാര്യമാണ്. കഴിഞ്ഞകാലങ്ങളില്‍ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പ്രശ്ന പരിഹാരത്തിനായി അതാത് സമയത്ത് ചര്‍ച്ചകള്‍ ഉണ്ടാകും. സമസ്ത നേതാക്കളുമായുള്ള കൂടിയാലോചനകള്‍ തുടരും. സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു പറയുകയുണ്ടായി.
സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യചെയ്ത് സമസ്തയുടെ വേദി ദുരുപയോഗംചെയ്ത ഉമര്‍ ഫൈസി മുക്കത്തിനെതിരേ നടപടിവേണമെന്നാണ് മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് സമസ്തയുടെ യുവജനവിഭാഗം അധ്യക്ഷന്‍കൂടിയായ പാണക്കാട് തങ്ങളെ അപഹസിച്ച അദ്ദേഹം സമസ്തയെയാണ് അപകീര്‍ത്തിപ്പെടുത്തിയത്. രാഷ്ട്രീയവിദ്വേഷം മൂത്ത് പാണക്കാട് തങ്ങളെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം ഇല്ലാതാവുകയേയുള്ളൂവെന്നും ലീഗിനോട് വിയോജിക്കുന്നതിനോ നേതാക്കളെ വിമര്‍ശിക്കുന്നതിനോ ആരും എതിരല്ലെന്നും മുനീര്‍ പറഞ്ഞു.
എന്നാല്‍ മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തല്‍ പണ്ഡിതധര്മമാണെന്നും അവരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ച് പോലിസ് നടപടിയിലേക്ക് വലിച്ചിഴയ്ക്കുന്ന രീതി ഖേദകരമാണെന്നും ഉമര്‍ ഫൈസിയെ പിന്തുണക്കുന്ന സമസ്ത മുശാവറ അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതപണ്ഡിതന്മാരെയും പ്രവാചകകുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകള്‍പോലും ഇതിന്റെ ഭാഗമാകുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
സി.ഐ.സി. വിഷയത്തില്‍ മധ്യസ്ഥതീരുമാനങ്ങള്‍ തള്ളിക്കളഞ്ഞാണ് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കിയത്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ യു.എം. അബ്ദുറഹ്മാന് മുസ്ല്യാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എ.വി. അബ്ദുറഹ്മാന് മുസ്ല്യാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി. ഉസ്മാന് ഫൈസി എറണാകുളം, ബി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുല്‍ ഫൈസി തോടാര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.