കർണ്ണാടകയിൽ വൻ ബാങ്കുകൊള്ള; ജനൽ കമ്പികൾ മുറിച്ചുമാറ്റി 12.95 കോടിയുടെ സ്വർണ്ണാഭരണങ്ങൾ കടത്തിക്കൊണ്ടു പോയി
ബംഗ്ളൂരു: കർണ്ണാടകയിലെ ദാവണഗരെ ന്യാമതിയിൽ വൻ ബാങ്കുകൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യാമതി ശാഖയുടെ ജനൽ കമ്പികൾ മുറിച്ചു മാറ്റി അകത്തു കടന്ന സംഘം 12.95 കോടി രൂപ വില വരുന്ന 17.705 കിലോ സ്വർണ്ണാഭരണങ്ങൾ കടത്തിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ജനൽകമ്പി പൂർണ്ണമായും മുറിച്ചുമാറ്റിയത്. ലോക്കർ തകർക്കുന്നതിനു മുമ്പ് തന്നെ സിസിടിവി ക്യാമറകളും അതിൻ്റെ അനുബന്ധ ഉപകരണങ്ങളും ഇളക്കിമാറ്റിയിരുന്നു. ഇവയും കൊള്ളക്കാർ കടത്തിക്കൊണ്ടു പോയി. പൊലീസ് നായ മണം പിടിക്കാതിരിക്കുന്നതിനു ബാങ്കിനു അകത്ത് മുളക് പൊടി വിതറിയ നിലയിലാണ്. കൊള്ളയ്ക്കു പിന്നിൽ അന്തർ സംസ്ഥാന ബാങ്കു കൊള്ള സംഘമാണെന്നു സംശയിക്കുന്നു. ശാഖാ മാനേജർ സുനിൽ കുമാർ യാദവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.