കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യ; ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുടെ മൊഴിയെടുത്തു
കാസർകോട്: കാസർകോട്ടേ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താർ (60) താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. മരണപ്പെട്ട അബ്ദുൽ സത്താറിൻ്റെ മക്കൾ അടക്കമുള്ള ബന്ധുക്കളിൽ നിന്നു മൊഴിയെടുക്കുന്നതിനായി ഡിവൈ.എസ്.പി ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ മംഗ്ളൂരുവിലേക്ക് പോകും. ഒക്ടോബർ ഏഴിനു വൈകുന്നേരമാണ് ഓട്ടോ ഡ്രൈവറായ അബ്ദുൽ സത്താറിനെ തായലങ്ങാടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ ഓട്ടോ പൊലീസ് അകാരണമായി പിടിച്ചുവച്ചിരിക്കുന്നുവെന്നും ഇതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കുന്നുവെന്നും സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ട ശേഷമായിരുന്നു അബ്ദുൽ സത്താർ ജീവനൊടുക്കിയത്. കാസർകോട് ടൗൺ എസ്.ഐ ആയിരുന്ന അനൂബിൻ്റെ പീഡനമാണ് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നു ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ആരോപണ വിധേയനായ എസ്.ഐ.യെ സസ്പെൻ്റ് ചെയ്തത്. കാസർകോട്ട് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമാണ് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ. പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. അബ്ദുൽ സത്താറിൻ്റെ സുഹൃത്തുക്കൾ, ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കൾ, ഡ്രൈവർമാർ തുടങ്ങിയവരിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിൽ മൊഴിയെടുത്തിരുന്നു.