ഉപ്പളയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും
കാസര്‍കോട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണ്ണാടക ഉഡുപ്പി സ്വദേശിയായ ഹുളുഗമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ബീജാപ്പൂര്‍ സ്വദേശി സന്തോഷ് ദൊഡ്ഡമന(39)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശക്ഷിച്ചത്.
2013 ആഗസ്റ്റ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഹുളുഗമ്മയെ താമസിച്ചിരുന്ന ഉപ്പള ഹിദായത്ത് നഗറിലെ ക്വാര്‍ട്ടേര്‍സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെപ്പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ ക്വാര്‍ട്ടേഴ്സില്‍ വച്ച് ഉടുത്തിരുന്ന സാരിയുടെ അറ്റം ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം സ്ത്രീയുടെ ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് കൊണ്ടുപോയെന്നാണ് കേസ്.
താമസിച്ച മുറിയില്‍ നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയും ക്വാര്‍ട്ടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണ് ഹുളുഗമ്മയെ അര്‍ധ നഗ്നാവസ്ഥയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. കൂടെ താമസിച്ച സന്തോഷിനെ കാണാതായിരുന്നു. പിന്നീടാണ് ഹുളുഗമ്മയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ പ്രതി സന്തോഷ് ഒളിവില്‍ പോയതായി മനസിലായത്. സംഭവ ദിവസം രാവിലെ പ്രതിയെയും ഹുളുഗമ്മയെയും ഒന്നിച്ച് റൂമില്‍ കണ്ട സാക്ഷികളുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമായി. ഹുളുഗമ്മയുടെ കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം പ്രതിയില്‍ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു.
മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന സിബി തോമസ് ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ലോഹിതാക്ഷന്, അഡ്വ.ആതിര ബാലന് എന്നിവര്‍ ഹാജരായി.