എ.ടി.എം. കാര്‍ഡ് തന്ത്രപരമായി കൈക്കലാക്കി കടന്നു, കവര്‍ന്നത് 74,000 രൂപ
മറയൂര്‍: സി.ഡി.എമ്മില്‍ പണമിടാനെത്തിയ ആളുടെ എ.ടി.എം. കാര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി 74,000 രൂപ പിന്‍വലിച്ച് കടന്ന പ്രതിയെ ഏഴരമാസത്തിനുശേഷം മറയൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ ആലക്കോട് ഉദയഗിരി കുന്നേലില്‍ ഷിജു രാജ് (33)ആണ് പിടിയിലായത്. മുണ്ടക്കയത്തിന് സമീപം ഇളങ്കാട് ടോപ്പില്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
2024 മാര്‍ച്ച് 14-ന് രാവിലെ 10.30-നാണ് സംഭവം. മറയൂരിലെ എസ്.ബി.ഐ.യുടെ സി.ഡി.എം. കൗണ്ടറില്‍ പണം നിക്ഷേപിക്കാനെത്തിയ കാന്തല്ലൂര്‍ പെരടി പള്ളം സ്വദേശി ദുരൈരാജാണ് തട്ടിപ്പിന് ഇരയായത്. ദുരൈരാജിന് സി.ഡി.എമ്മില്‍ പണം ഇടാന്‍ അറിയില്ലായിരുന്നു. അതിനാല്‍ ആ സമയം കൗണ്ടറിലുണ്ടായിരുന്ന ഷിജു രാജിനോട് സഹായം തേടി. ഇയാള്‍ ദുരൈരാജിന്റെ എ.ടി.എം. വാങ്ങി പിന്‍നമ്പര്‍ ചോദിച്ചറിഞ്ഞ് രണ്ട് പ്രാവശ്യമായി അക്കൗണ്ടിേലക്ക് പണമിട്ടു.
ബാലന്‍സ് ചെക്ക് ചെയ്യുവാന്‍ നിര്‍ദേശിച്ചപ്പോള്‍ അതും പറഞ്ഞുകൊടുത്തു. പിന്നീട് ഇയാള്‍ കൈവശമുണ്ടായിരുന്ന എ.ടി.എം. കാര്‍ഡ് ദുരൈരാജിന് നല്കി പകരം ദുരൈരാജിന്റെ കാര്‍ഡുമായി കടന്നു. എ.ടി.എം. കാര്‍ഡ് മാറ്റിനല്‍കിയത് ദുരൈരാജിന് അറിയില്ലായിരുന്നു.
വെള്ളിയാഴ്ച രാവിലെ വീണ്ടും ദുരൈരാജ് ബാങ്കിലെത്തിയപ്പോഴാണ് കാര്‍ഡ് മാറിയത് മനസ്സിലായത്. ബാങ്കില്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 74,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തി.
ദുരൈരാജിന് മാറ്റിക്കൊടുത്ത കാര്‍ഡ് പ്രതി ഷിജുരാജിന്റേത് അല്ലായാരുന്നു. ആലപ്പുഴ ജില്ലയില്‍ കാപ്പില്‍ ഈസ്റ്റില്‍ കൃഷ്ണപുരം സ്വദേശിയുടേതായിരുന്നു. ഇദ്ദേഹത്തെ പോലീസ് ബന്ധപ്പെട്ടപ്പോള്‍, തന്റെ കാര്‍ഡ് നഷ്ടപ്പെട്ടിട്ട് പുതിയകാര്‍ഡ് എടുത്തിരുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനുകളിേലക്ക് നല്കി. പീരുമേട്ടില്‍ സമാനമായ ഒരു കേസില്‍ ഷിജുരാജ് പ്രതിയായിരുന്നു.
അങ്ങനെയാണ് തട്ടിപ്പുകാരന് ഇയാളാണെന്ന് മനസ്സിലായത്.മുണ്ടക്കയത്ത് ഷിജുരാജിന്റെ അമ്മയുടെ സഹോദരിയുടെ വീടുണ്ടെന്ന് പോലീസിന് മനസ്സിലായി. കാഞ്ഞിരപ്പള്ളി മേഖലയില്‍ പ്രതിയെ കണ്ടതായും വിവരം ലഭിച്ചിരുന്നു.