ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ 20 കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: നടൻ സൽമാൻ ഖാനും കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിക്കും നേരെ വധ ഭീഷണി ഉയർത്തിയ 20 വയസുകാരൻ അറസ്റ്റിൽ. പണം നൽകിയില്ലെങ്കിൽ സൽമാൻഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ മുംബൈ പൊലീസ് നോയിഡയിൽ വച്ചാണ് ഗുർഫാൻ ഖാൻ എന്നയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് കോടിരൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. സൽമാൻ ഖാനെയും സിഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സിഷൻ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് ഓഫീസ് ജീവനക്കാരൻ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനിൽ ലഭിച്ച ഭീഷണി സന്ദേശത്തിൻ്റെ പേരിൽ ജംഷഡ്പൂരിലെ പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹുസൈൻ ഷെയ്ഖ് മൗസിൻ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. നേരത്തെ ലോറൻസ് ബിഷ്ണോയിയുടെ സഘത്തിൽ നിന്ന് സൽമാൻ ഖാൻ വധഭീഷണി ഉണ്ടായിരുന്നു. തുടർന്ന് മുംബൈ പൊലീസ് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം ദിവസങ്ങൾക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷൻ സിദ്ദിഖിക്കും നടൻ സൽമാൻ ഖാനും നേരെ ഭീഷണികൾ ഉയർന്നിരുന്നത്. അതേസമയം ലോറൻസ് ബിഷ്ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകൻ അഭിനവ് അറോറയുടെ കുടുംബം അവകാശപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു ഭീഷണി.
ആത്മീയ പ്രവർത്തനമാണ് അഭിനവിൻ്റെ മാർഗമെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമ്മ ജ്യോതി അറോറ പറഞ്ഞു.