വിദേശത്തെത്തിച്ച് ചതിച്ചത് സുഹൃത്തുക്കൾ, യുവാക്കളെ വിറ്റത് 2500ഡോളറിന്; ഇലക്ട്രിക് ദണ്ഡുകൊണ്ട് മർദനം
നെടുമ്പാശ്ശേരി: തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാട്ടിൽ തിരിച്ചെത്തി. കോഴിക്കോട് സ്വദേശികളായ മണിയൂർ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽതാഴ അരുൺ, പിലാവുള്ളതിൽ സെമിൽ ദേവ്, പതിയാരകരയിൽ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മിത്തൽ അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരുവിലെ റോഷൻ ആന്റണി എന്നിവരാണ് എത്തിയത്.
ഞായറാഴ്ച രാത്രി 11.30-ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഇവർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് വിശദമായ മൊഴി നൽകിയ ശേഷം തിങ്കളാഴ്ച വീടുകളിലേക്ക് പോയി. രഹസ്യാന്വേഷണ വിഭാഗവും ഇവരുടെ മൊഴി എടുത്തിട്ടുണ്ട്. കൃത്യമായി ഭക്ഷണംപോലും കഴിക്കാൻ കഴിയാതിരുന്നതിനാൽ അവശരായാണ് ഇവർ കൊച്ചിയിലിറങ്ങിയത്. എങ്കിലും ജീവനോടെ നാട്ടിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിവർ.
ഒക്ടോബർ മൂന്നിനാണ് ഇവർ ബെംഗളൂരുവിൽനിന്ന് തായ്ലാൻഡിലേക്ക് പുറപ്പെട്ടത്. അനുരാഗ്, നസറുദീൻ ഷാ, അഥിരഥ്, മുഹമ്മദ് റാസിൽ എന്നിവരാണ് ജോലി വാഗ്ദാനം ചെയ്തത്. ഇതിൽ അനുരാഗ് ഉൾപ്പെടെയുള്ള ചിലരെ ഇവർക്ക് പരിചയമുണ്ട്. വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്.
ചതിച്ചത് സുഹൃത്തുക്കൾ
വിദേശത്തേക്ക് കൊണ്ടുപോയതും കംബോഡിയയിൽ വില്പന നടത്തിയതും സുഹൃത്തുക്കൾ ഉൾപ്പെട്ട സംഘമെന്ന് തട്ടിപ്പിന് ഇരയായവർ. പരസ്യ കമ്പനികളിലും ഐ.ടി. കമ്പനികളിലും ജോലി വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്.
കംബോഡിയയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശി അബിനെ തിരിച്ചുകൊണ്ടുവരണമെന്നും അബിന്റെ ജീവൻ അപകടത്തിലാണെന്നും മടങ്ങിയെത്തിയവർ പറഞ്ഞു. ഒരു ലക്ഷം രൂപ വീതം ഓരോരുത്തരും വിസയ്ക്കായി നൽകിയിരുന്നു. തായ്ലാൻഡിൽ എത്തിയശേഷം കംബോഡിയയിൽ ആണ് ജോലി എന്നുപറഞ്ഞ് അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി. 2500 ഡോളർ വീതം വരെ വാങ്ങി തങ്ങളെ കംബോഡിയൻ കമ്പനിക്ക് വിൽക്കുകയായിരുന്നു. സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനിയിലാണ് ജോലി ചെയ്യേണ്ടിയിരുന്നത്. ഇതിനു വിസമ്മതിച്ചതോടെ സുരക്ഷാ ജീവനക്കാർ ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പുവടികൊണ്ടും മർദിച്ചു. ഒരാളുടെ എല്ല് പൊട്ടിയെന്നും മടങ്ങിയെത്തിവർ പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കേസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുമെന്ന് നെടുമ്പാശ്ശേരി സ്റ്റേഷൻ ഓഫീസർ സാബു അറിയിച്ചു.