59000 തൊട്ട് സ്വർണ വില; വിപണി ഇന്ന് സർവകാല റെക്കോർഡിൽ
കൊച്ചി: സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്ന് സർവകാല റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്. ആദ്യമായാണ് സംസ്ഥാനത്തെ സ്വർണ വിപണി 59000 രൂപയിലെത്തുന്നത്. ഇന്നലെ വില കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 360 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ഇന്ന് 59,000 രൂപ നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7315 രൂപയാണ് നൽകേണ്ടത്. ഒക്ടോബർ 4, 5, 6, 12, 13, 14 തിയതികളിൽ 56,960 രൂപയായിരുന്നു സ്വർണ വില. പിന്നീട് ഒക്ടോബർ 16 നാണ് വില 57000 കടന്നത്.
ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000 ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ രണ്ട് മുതൽ അഞ്ച് വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.
സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻ്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.