കോടികളുടെ നിക്ഷേപത്തട്ടിപ്പ്; സംഘാംഗമായ ജസീല അറസ്റ്റിൽ
കണ്ണൂർ : കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഘാംഗമായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഏച്ചൂർ, വട്ടപ്പൊയിൽ താഴെവീട്ടിൽ ജസീലയെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഘത്തിൽപ്പെട്ട മൂന്നു പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫോറിൻ എക്സ്ചേഞ്ച് ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭമായി ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേരള ഗ്രാമീൺ ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥൻ കോഴിക്കോട്, കുതിരവട്ടം, ഇലവനത്താഴത്തെ ആരതിയിൽ എ.എം അനന്തകൃഷ്ണൻ, കൊല്ലം, കടയ്ക്കൽ പുലിപ്പാറ തോട്ടത്തിൽ ഗാർഡൻസിലെ എ. അഷ്റഫ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. 2021 ആഗസ്ത് 25 മുതൽ വിവിധ സമയങ്ങളിലായി 5,78,372 രൂപ കൈക്കലാക്കി തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നാണ് അനന്തകൃഷ്ണൻ നൽകിയ പരാതി. റോബോട്ടിക് ട്രേഡിംഗിൽ നിക്ഷേപിച്ചാൽ നല്ല ലാഭം തരാമെന്നും നിക്ഷേപിക്കുന്ന തുകയുടെ 20 ശതമാനം എല്ലാ മാസവും തിരികെ നൽകുമെന്ന് വാഗ്ദാനം നൽകിയാണ് അഷ്റഫിൽ നിന്നു 43,59,950 വാങ്ങിച്ചത്. ആദ്യത്തെ മൂന്നു മാസം എട്ടുലക്ഷത്തോളം രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക ലഭിച്ചില്ലെന്നുമാണ് അഷ്റഫ് പരാതിയിൽ പറഞ്ഞിരുന്നത്. സംഘം ഗൾഫിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു.