തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളെ വെറുതെവിടണമെന്ന് പ്രതിഭാഗം
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ ശിക്ഷാ വിധി തിങ്കളാഴ്ച. പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ച ശേഷം വിധി പറയുമെന്ന് കോടതി അറിയിച്ചു. ഓൺലൈനായിട്ടാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
കരുതിക്കൂട്ടിയുള്ള കൊലപാതകമല്ല നടന്നത്. പ്രതികളെ വെറുതെ വിടണം. പ്രതികളെ വെറുതെ വിട്ടാലും സമാനമായ കുറ്റകൃതൃത്തിലേർപ്പെടാൻ സാദ്ധ്യതയില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസീക്യൂഷന്റെ വാദം.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ(50), അമ്മാവൻ സുരേഷ്(48) എന്നിവർ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. സുരേഷാണ് ഒന്നാം പ്രതി. കൊലക്കുറ്റത്തിന് പുറമേ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. 2020 ഡിസംബർ ഇരുപത്തിയഞ്ചിനായിരുന്നു അനീഷ് കൊല്ലപ്പെട്ടത്.
അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും രണ്ട് ജാതിയിൽപ്പെട്ടവരായിരുന്നു. സാമ്പത്തികമായും അന്തരമുണ്ടായിരുന്നു. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചാണ് ഹരിത അനീഷിനൊപ്പം ജീവിക്കാൻ തുടങ്ങിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം തന്നെ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവ ദിവസം ബൈക്കിൽ കടയിലേക്ക് പോയതായിരുന്നു അനീഷും സഹോദരനും. പ്രഭുകുമാറും സുരേഷും ചേർന്ന് ഇരുവരെയും ആക്രമിച്ചു. വടിവാളും കമ്പിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ അനീഷ് മരിച്ചിരുന്നു.