എംപിമാരുടെ സസ്പെന്ഷന്: രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം
കറുത്തബാഡ്ജ് ധരിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്. സസ്പെന്ഷന് നടപടി ഒഴിവാക്കണമെന്നും ദില്ലി കലാപത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് ലോക്സഭാ എംപിമാരെ സസ്പെന്റ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ. കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്. സസ്പെന്ഷന് നടപടി ഒഴിവാക്കണമെന്നും ദില്ലി കലാപത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ദില്ലി കലാപത്തിന്മേലുള്ള ചര്‍ച്ച ഹോളിക്ക് ശേഷം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നും രാജ്യത്ത് നിരവധിപ്പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവം എത്രയും പെട്ടന്ന് തന്നെ ചര്‍ച്ച ചെയ്യണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഏഴ് അംഗങ്ങളെ സസ്പെന്റ് ചെയ്ത നടപടിയില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാകുമെന്നാണ് വിവരം. നിലവില്‍ 12 മണിവരെ ലോക്സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പടെ ഏഴ് എംപിമാരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്പെൻഡ് ചെയ്തത്.പാർലമെൻറ് പരിസരത്ത് നിന്ന് പിൻവാങ്ങാനും ഇന്നലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാൻ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ എംപിമാർക്കൊപ്പം കോൺഗ്രസ് ചീഫ് വിപ്പ് ഗൗരവ് ഗൊഗോയി, തമിഴ്നാട്ടിൽ നിന്നുള്ള മണിക്കം ടാഗൂർ, അമൃത്സർ എംപി ഗുർജിത് സിംഗ് എന്നിവർക്കും സസ്പെൻഷനുണ്ട്. ഈ സമ്മേളനം മുഴുവൻ ഇവർ സഭയ്ക്ക് പുറത്ത് നില്‍ക്കണം എന്ന സർക്കാർ പ്രമേയം ശബ്ദവോട്ടോടെയാണ് അംഗീകരിച്ചത്.