മനുഷ്യക്കടത്ത് ; കംബോഡിയയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ, തട്ടിപ്പിന് പിന്നിൽ മലയാളികൾ
കൊച്ചി : മനുഷ്യക്കടത്തിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ സുരക്ഷിതർ. ഇവർ ഇന്ത്യൻ എംബസിയിൽ എത്തി. കഴിഞ്ഞ നാലിന് കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ നിന്നും പോയ മലയാളികളാണ് കംബോഡിയയിൽ കുടുങ്ങിയത്. ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. കോഴിക്കോട് ചെറുവത്തൂർ സ്വദേശി ഇവരെ തൊഴിലുടമയിൽ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി. ഇവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. രണ്ടുലക്ഷം രൂപ വാങ്ങി തങ്ങളെ വിറ്റുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു.
ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഫോണും യാത്രാ രേഖകളും പിടിച്ചുവെച്ചുവെന്നും അവർ പറഞ്ഞു. പരസ്യകമ്പനിയിൽ ജോലിക്കെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. ഓൺലൈൻ തട്ടിപ്പ് നടത്താൻ പ്രേരിപ്പിച്ചുവെന്നും ഇരയായവർ പറയുന്നു. നാട്ടിലുള്ള ആളുകളെ ഓൺലൈൻ വഴി തട്ടിപ്പിനിരയാക്കണമെന്ന് സംഘം ഇവരോട് ആവശ്യപ്പെട്ടു. അതിനുള്ള ട്രെയിനിംഗ് നൽകിയെന്നും നിരസിച്ചതോടെ മർദിച്ചെന്നുമാണ് പരാതി. എട്ടു യുവാക്കളിൽ ഒരാൾ ഇപ്പോഴും അവരുടെ തടങ്കലിലാണെന്നും അയാൾക്ക് രക്ഷപ്പെടാനായില്ലെന്നും യുവാക്കൾ പറഞ്ഞു.