സിന്ധു മൂസ്സവാല കൊലക്കേസും ബാബ സിദ്ദിഖ് കൊലപാതകവും ഉൾപ്പെടെ 18 കേസുകളിൽ പ്രതി: ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൽമോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ
മുംബൈ: സിന്ധു മൂസ്സവാല കൊലക്കേസും ബാബ സിദ്ദിഖ് കൊലപാതകവും ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായ അൽമോൽ ബിഷ്ണോയിയ്ക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി ദേശീയ അന്വേഷണ ഏജൻസി.
ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ കൂടിയായ അൽമോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചു.
‘ഭാനു’ എന്ന പേരിലും അറിയപ്പെടുന്ന അൽമോൾ ബിഷ്ണോയി വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഇയാൾ കെനിയയിലും ഈ വർഷം കാനഡയിലും എത്തിയെന്നും റിപ്പോർട്ടുണ്ട്.
2022-ൽ പഞ്ചാബ് ഗായകൻ സിദ്ധ മൂസ്സവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. അൽമോൽ ബിഷ്ണോയിക്കെതിരെ 18 കേസുകളാണ് നിലവിലുള്ളത്.
ബാബ സിദ്ദിഖ് കൊലപാതകത്തിൽ സോഷ്യൽ മീഡിയ വഴി സംഭവത്തിൻ്റെ ഉത്തരവാദിത്തം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു.
ഏപ്രിൽ 14 ന് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഒക്ടോബർ 12 ന് മകൻ്റെ ഓഫീസിന് പുറത്ത് എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പായി പ്രതികളുമായി അൻമോൽ ബിഷ്ണോയി ബന്ധപ്പെട്ടിരുന്നതായി മുംബൈ പോലീസ് പറഞ്ഞു.