തൃശൂരിലെ സ്വർണനിർമാണ കേന്ദ്രങ്ങളിലെ റെയ്ഡ്; അഞ്ച് വർഷത്തിനിടെ നടന്നത് ആയിരം കോടിയുടെ തട്ടിപ്പ്
തൃശൂർ: സംസ്ഥാന ധനകാര്യ വകുപ്പിൻ്റെ നേരിട്ടുള്ള ഉത്തരവിൽ നടത്തിയ തൃശൂരിലെ സ്വർണനിർമാണ കേന്ദ്രങ്ങളിൽ നടത്തിയ ജി.എസ്.ടി റെയ്ഡിൽ കണ്ടെത്തിയത് ആയിരം കോടിയുടെ തട്ടിപ്പ്. അഞ്ച് വർഷത്തെ രേഖകളിൽ നിന്നാണ് തട്ടിപ്പ് കണ്ടെത്തിയത്.
വിറ്റുവരവ് മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തുകയായിരുന്നു. മാസം 10 കോടിയോളം വിറ്റുവരവുള്ള കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് കോടി മാത്രമെന്നാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ മുതലാണ് തൃശൂരിൽ ജി.എസ്.ടി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 108 കിലോ സ്വർണം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ മറ്റു രേഖകൾ പരിശോധിച്ചതിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയതിൻ്റെ വിവരങ്ങൾ പുറത്തുവന്നത്.
പരിശോധനയുടെ രഹസ്യസ്വഭാവം ഉറപ്പാക്കികൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർ തൃശൂരിലേക്ക് എത്തിയത്. ഉല്ലാസയാത്ര 24, അയൽക്കൂട്ടങ്ങളുടെ ഉല്ലാസയാത്ര, ഫിനാൻഷ്യൽ മീറ്റ് തുടങ്ങിയ ഫ്ളക്സുസുകൾ പതിപ്പിച്ച ടൂറിസ്റ്റ് ബസിൽ ഉദ്യോഗസ്ഥർ ജില്ലയുടെ അതിർത്തി കടക്കുകയായിരുന്നു. ജി.എസ്.ടി ഉദ്യോഗസ്ഥരെ പരിശീലനത്തിൻ്റെ മറവിൽ ജില്ലയിൽ എത്തിച്ചാണ് ഉന്നതനേതൃത്വം റെയ്ഡിനുള്ള നീക്കങ്ങൾ നടത്തിയത്.
സംസ്ഥാനത്തുടനീളമായി പ്രവർത്തിക്കുന്ന 44 ഉദ്യോഗസ്ഥരുടെ സംഘത്തെ ഈ രേഖകൾ പരിശോധിക്കുന്നതിനായി നിലവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃശൂരിലേത് സംസ്ഥാനത്ത് നടന്നതിൽ വെച്ച് ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡ് ആയിരുന്നു.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി.എസ്.ടി റെയ്ഡ് നടന്നത്. സംസ്ഥാനത്തിൻ്റെ 78 ഓളം ഭാഗങ്ങളിൽ നിന്നുള്ള 700 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
‘ഓപ്പറേഷൻ ടോറേ ഡെൽ ഓറോ’യുടെ ഭാഗമായിരുന്നു ജില്ലയിലെ റെയ്ഡ്. സംസ്ഥാന ജി.എസ്.ടി ഇൻ്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ. എസ്സിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.