മയക്കുമരുന്ന് വിൽപ്പനക്കിടെ ബിജെപി നേതാവ് അറസ്റ്റിൽ
ചണ്ഡീഗഢ്: മയക്കുമരുന്ന് വിൽപ്പനക്കിടെ ബിജെപി നേതാവ് അറസ്റ്റിൽ. മുൻ കോൺഗ്രസ് എംഎൽഎയും നിലവിൽ ബിജെപി നേതാവുമായ സത്കർ കൗർ ആണ് പഞ്ചാബ് പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്.
2017ൽ ഫിറോസ്പൂർ റൂറലിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബിജെപിയിൽ ചേരുകയായിരുന്നു. 100 ഗ്രാം ഹെറോയിനാണ് ഇവരിൽനിന്ന് കണ്ടെത്തിയത്. ബന്ധുവായ ജസ്കീരാത് സിങ്ങിനൊപ്പമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യത്യസ്ത മൊബൈൽ നമ്പറുകളാണ് കൗർ ഉപയോഗിച്ചിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപ്പനയെന്ന് പൊലീസ് പറഞ്ഞു. സതകർ കൗറിനെ ആറു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ബിജെപി ജനറൽ സെക്രട്ടറി അനിൽ സരിൻ പറഞ്ഞു.