മൈസൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി നാലുദിവസം ബന്തിയാക്കി പീഡിപ്പിച്ചു പണം അപഹരിച്ചു;ഒരാൾ പിടിയിൽ
കാസർകോട്: പോത്ത് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മൈസൂർ സ്വദേശിയെ ഉപ്പളയിൽ നിന്നു കാറിൽ തട്ടിക്കൊണ്ടുപോയി. കാസർകോട്ടെത്തിച്ച ശേഷം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ ഫാം ഹൗസിലും വീടുകളിലും ബന്ദിയാക്കി ക്രൂരമായി മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം ഗൂഗിൾപേ അക്കൗണ്ടിൽ നിന്നു അരലക്ഷം രൂപ തട്ടിയെടുത്തു. യുവാവിൻ്റെ പരാതി പ്രകാരം ഏഴുപേർക്കെതിരെ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മൈസൂർ, രാമനഹള്ളി, തൻവീർസേഠ് നഗർ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് 18ന് ഉപ്പളയിൽ വെച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മൈസൂർ സ്വദേശിയായതിനാൽ ആരും ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. മുഹമ്മദ് റഫീഖിനെ കാസർകോട്ടെത്തിച്ച അക്രമി സംഘം പിന്നീട് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചു. ക്രൂരമായി മർദ്ദിക്കുകയും കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിക്കുകയും ചെയ്ത ശേഷം ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നു അരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തതായി വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഇതിനിടയിൽ ചില സൂചനകൾ ലഭിച്ച വിദ്യാനഗർ പൊലീസ് നടത്തിയ രഹസ്യനീക്കങ്ങൾക്കിടയിലാണ് മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടത്. സംഭവത്തിൽ മുജ്ജു, സിദ്ദിഖ്, മൊയ്തു, എം.എച്ച് മൊയ്തീൻ മറ്റു മൂന്നു പേർ എന്നിവർക്കെതിരെ കേസെടുത്തു. ഇവരിൽ മൊയ്തീൻ എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്.