കാഞ്ഞങ്ങാട്ടെ കേസിൽ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാന്റർ സോമനെ കാസർകോട് കോടതിയിൽ ഹാജരാക്കി
കാസർകോട്: മാസങ്ങൾക്ക് മുമ്പ് ഷൊർണ്ണൂരിൽ അറസ്റ്റിലായ മാവോയിസ്റ്റ് കമാൻ്റർ വയനാട്, കൽപ്പറ്റ സ്വദേശി സോമനെ കാസർകോട് കോടതിയിൽ ഹാജരാക്കി. യു.എ.പി.എ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് സോമൻ. ഇയാൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ അറസ്റ്റു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ കോടതി പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒളിവിൽ പോയ സോമൻ നാടുകാണി, കബനി ദളങ്ങളുടെ കമാന്റ്റർ ആയി വളർന്നു. കേരള പൊലീസിൻ്റെയും തണ്ടർബോൾട്ടിൻ്റെയും നോട്ടപ്പുള്ളിയായി മാറിയ സോമൻ മക്കിമലയിൽ കുഴി ബോംബു കണ്ടെത്തിയതോടെയാണ് വീണ്ടും ശ്രദ്ധേയനായത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തോക്കേന്തി സോമൻ ഉൾപ്പെടെ നാലു മാവോയിസ്റ്റുകൾ കമ്പമല എസ്റ്റേറ്റിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നു ആഹ്വാനം ചെയ്തിരുന്നു. ഇതേ ചൊല്ലി തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായതോടെ നാലുപേരും കാട്ടിലേക്കു മടങ്ങി. പിന്നീട് ഇക്കഴിഞ്ഞ ജുലൈ മാസം കർണ്ണാടയിലേക്ക് പോകുന്നതിനിടയിലാണ് സോമൻ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.