അല്പം ശ്രദ്ധ മതി – പ്രതിരോധിക്കാം കൊറോണയെ
കാസർകോട്:കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കോവിഡ്-19 ജില്ലാതല പ്രതിരോധ സമിതി യോഗം തീരുമാനിച്ചു. കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സഹായിക്കാന്‍ പഞ്ചായത്ത്-നഗരസഭാതലത്തിലെ വാര്‍ഡ്തല ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജാഗ്രതസമിതിയില്‍ കുടുംബശ്രീ അംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉണ്ടായിരിക്കണം. പഞ്ചായത്ത്-നഗരസഭാതലത്തിലെ ജാഗ്രത സമിതികളുടെ ഏകോപനത്തിനുള്ള ചുമതല അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാലയങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നുമുള്ള പഠന യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും ജില്ലയിലേക്ക് വിനോദസഞ്ചാരത്തിന് സഞ്ചാരികള്‍ എത്തിയാല്‍ ഉടന്‍ ആ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലീസ് ഒന്നിടവിട്ട് പരിശോധന നടത്തും. ഇറാന് ഇറ്റലി, ചൈന, ഹോങ്കോങ,് തായ്ലാന്‍ഡ,് സിംഗപ്പൂര്‍, ജപ്പാന്, സൗത്ത് കൊറിയ വിയറ്റ്നാം, നേപ്പാള്‍, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണം. ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിനെ സമീപിക്കണം. കൊറോണ കണ്ട്രോള് സെല്‍ നമ്പര്‍ 9946000493. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വകുപ്പുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എ വി രാമദാസ്, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. എ ടി മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി പ്രകാശ,് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ രാജാറാം, ജില്ലാ ഹോമിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ വിജയകുമാര്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ ടി പി ആമിന, ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി പുഷ്പ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷൈല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ആര് ബൈജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. സയന എന്നിവര്‍ സംബന്ധിച്ചു.
അല്പം ശ്രദ്ധ മതി – പ്രതിരോധിക്കാം കൊറോണയെ
വിവിധ ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം ഏറുകയാണ്. സോപ്പ് കൊണ്ട് 20 സെക്കന്റ് സമയം തുടര്‍ച്ചയായി കൈ കഴുകുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. കൊറോണ വൈറസ് ബാധയുള്ളവരില് നിന്നും മറ്റുള്ളവര്‍ കൃത്യമായ അകലം പാലിക്കണം. രോഗബാധയുള്ളതായി സംശയിക്കുന്നവര്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നവര്‍ നല്ല വെളിച്ചവും വായു സഞ്ചാരവുമുള്ള മുറികളില്‍ താമസിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. രോഗികളുമായി ഇടപെടുന്നവര്‍ ശാസ്ത്രീയമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.