ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി മുരുകൻ അറസ്റ്റിൽ, രണ്ട് കാസർകോട് സ്വദേശികളെ തെരയുന്നു
കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഇരിക്കൂർ, പെടയങ്ങോട് സ്വദേശിയും പാനൂർ പുത്തൻകണ്ടത്ത് താമസക്കാരനുമായ പുതിയപുരയിൽ ഷിനോജ് എന്ന മുരുകൻ ഷിനോജിനെ (39)യാണ് കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സെപ്തംബർ അഞ്ചിന് പുലർച്ചെ ഏച്ചൂർ, കമാൽപീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ബംഗ്ളൂരുവിൽ ബേക്കറി നടത്തിപ്പുകാരനായ റഫീഖ് ബംഗ്ളൂരുവിൽ നിന്ന് നാട്ടിലെത്തി ബസിറങ്ങിയ ഉടൻ ഏച്ചൂരിൽ നിന്നാണ് കാറിൽ വലിച്ചുകയറ്റിക്കൊണ്ടുപോയത്. മർദിച്ചശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. മുഖംമൂടി ധരിച്ച സംഘം കാറിൽ വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ചാണ് എത്തിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ കാറിനെ കുറിച്ചുള്ള സൂചന ലഭിച്ചതാണ് പ്രതികളിലേക്ക് എത്താൻ ഇടയായത്. കൊള്ള നടത്തിയശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് കാറിൽ യഥാർത്ഥ നമ്പർപ്ലേറ്റ് തന്നെ സ്ഥാപിച്ചത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. കാർ ഉടമ കല്യാട് സ്വദേശിയായ സുജോയ് ആണെന്ന് മനസിലാക്കുകയും അയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സുജോയ് കാർ വാടകയ്ക്ക് നൽകിയത് ഷിനോജിനാണെന്ന് മൊഴിയുണ്ടായിരുന്നു. കൊള്ളയടി ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഷിനോജ് നേരിട്ടാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് സ്വദേശികളായ രണ്ടുപേരും കണ്ണൂരിലെ ഒരാളുമാണ് അന്ന് കാറിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്നതെന്നു പറയുന്നു. ഇവർ ഒളിവിലാണ്.
ബംഗ്ളൂരുവിൽ നിന്ന് പണവുമായി റഫീഖ് പുറപ്പെട്ട വിവരം കാസർകോട് സ്വദേശിയാണ് ഷിനോജിനെ അറിയിച്ചത്. പണം തട്ടാൻ കാസർകോടുനിന്ന് ഷിനോജ് രണ്ടുപേരെയും കൂടെക്കൂട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതേ കേസിൽ നേരത്തെ രണ്ട് കാസർക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവർ അന്വേഷണം വഴിതെറ്റിക്കാൻ വ്യാജമായി കുറ്റസമ്മതം നടത്തി സ്റ്റേഷനിൽ ഹാജരായതാണെന്ന് പിന്നീടാണ് മനസിലായത്. കുഴൽപണം പൊട്ടിക്കൽ, ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട ഷിനോജിനെതിരേ കൽപ്പറ്റയിലും സമാനമായ കൊള്ളയ്ക്ക് കേസുണ്ട്. എസ്.ഐമാരായ എം. അജയൻ, ഷാജി, എ.എസ്.ഐമാരായ രഞ്ജിത്ത്, സ്നേഹേഷ്, സി.പി.ഒ നാസർ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.