മണ്ഡലകാലത്ത് ശബരിമലയിൽ കനത്ത സുരക്ഷ; സന്നിധാനത്തെ സുരക്ഷാ ചുമതല കാസർകോട് അഡീഷണൽ എസ്.പി പി.ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്ക്
കാസർകോട്: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് പഴുതടച്ചു കൊണ്ടുള്ള സുരക്ഷയൊരുക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് പുറത്തിറക്കി. മണ്ഡലകാലത്തു സന്നിധാനത്ത് ഏഴു ഉദ്യോഗസ്ഥർക്കാണ് ചുമതല. ആദ്യത്തെ ഊഴം കാസർകോട് അഡീഷണൽ എസ്.പി പി ബാലകൃഷ്ണൻ നായർക്കാണ്. നവംബർ 14 മുതൽ 24 വരെയായിരിക്കും അദ്ദേഹം സന്നിധാനത്തെ സുരക്ഷാ ചുമതല നിർവഹിക്കുക. തുടർന്നുള്ള മൂന്നുഘട്ടങ്ങളിൽ പി.സി ഹരിദാസൻ, ടി.എൻ സജീവ്, എം.ആർ സതീഷ് കുമാർ, എം.പി വിനോദ്, കെ.വി വേണുഗോപാൽ എന്നിവർക്കായിരിക്കും സന്നിധാനത്തെ ചുമതല. സന്നിധാനത്ത് ഏതാനും ഡിവൈ.എസ്.പിമാരെ റിസർവ്വായും നിർത്തും. തുലാമാസ പൂജയ്ക്കിടെ പൊലീസ് വിന്യാസം കുറച്ചതിനും മതിയായ ക്രമീകരണങ്ങൾ ഒരുക്കാത്തതും പൊലീസിനെതിരെ വലിയ വിമർശനത്തിനു ഇടയാക്കിയിരുന്നു. ഇതു കണക്കിലെടുത്തു കൊണ്ടാണ് സന്നിധാനത്ത് നേരത്തെ സേവനം ചെയ്ത ഉദ്യോഗസ്ഥരെ നിയമിച്ചു കൊണ്ട് ഡി.ജി.പി ഉത്തരവായത്.