സദാചാര പൊലീസ് ചമഞ്ഞ് കാസർകോട് സ്വദേശിയെ ആക്രമിച്ച് പണം തട്ടി; ഏഴു പേർ അറസ്റ്റിൽ
കണ്ണൂർ: സദാചാര പൊലീസ് ചമഞ്ഞ് കാസർകോട് സ്വദേശിയെ അക്രമിച്ച് പണം തട്ടിയ കേസിൽ ഏഴു പേർ അറസ്റ്റിൽ. ധർമ്മടം, ഒഴയിൽഭാഗം, മണക്കമ്പുറത്ത് എം. തസ്മീർ (36), കയ്യാലക്കകത്ത് കക്കറയിൽ കെ.കെ അജ്നാസ് (27), ടി.കെ ഷാനിർ (32), കെ.കെ മുഹമ്മദ് അഷ്കർ (30), കീത്തലകത്ത് കെ. ഷബീർ (24), ആലിയമ്പത്ത് എ. മുഹമ്മദ് അസ്കർ (27), അഹാസ് അഹമ്മദ് നായിസ് (32) എന്നിവരെയാണ് ധർമ്മടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻ്റു ചെയ്തു. ഒക്ടോബർ 12ന് ആണ് കേസിനാസ്പദമായ സംഭവം. കാസർകോട് സ്വദേശി റോബിൻ തോമസ് ആണ് അക്രമത്തിനു ഇരയായത്. ബൈക്കിൽ കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു റോബിൻ. യാത്രയ്ക്കിടയിൽ ധർമ്മടത്ത് എത്തിയപ്പോൾ സുഹൃത്തിനെ കൂടി കൂടെ കൂട്ടാൻ കിഴക്കെ പാലയാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു അക്രമം. ഈ സമയത്ത് ഒരു സംഘം ആൾക്കാർ തടഞ്ഞു നിർത്തി അക്രമിച്ച ശേഷം ഗൂഗിൾ പേയിൽ നിന്നു പണം അയപ്പിക്കുകയും ബൈക്ക് ചവിട്ടി താഴെയിടുകയും ചെയ്തുവെന്നാണ് പരാതി. അക്രമികൾ സ്ഥലം വിട്ട ശേഷമാണ് റോബിൻ പൊലീസിനെ വിവരമറിയിച്ചത്. ധർമ്മടം എസ്.ഐ ജെ. സജീഷ, സിവിൽ പൊലീസ് ഓഫീസർമാരായ നിമിഷ, ഹരിനാഥ്, ജിജിൽ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.