വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ ഊട്ടിയിലെ ലോഡ്ജിൽ കണ്ടെത്തി
മാഹി പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ കിടന്നുറങ്ങിയ 13കാരിയെ തട്ടികൊണ്ട് പോയ 18കാരനെയും 13കാരിയെയും ഊട്ടിയിലെ ലോഡ്ജിൽ വെച്ച് കണ്ടെത്തി. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ചൊക്ലി മേനപ്രം ബാവിലേരി മീത്തൽ മുഹമ്മദ് ബിൻ ഷൗക്കത്തലി (18) യെയും, പെൺകുട്ടിയെയുമാണ് കഴിഞ്ഞ ദിവസം ഊട്ടിയിലെ ലോഡ്ജിൽ വെച്ച് കണ്ടെത്തിയത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ഊട്ടിയിലെ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഒളിവിൽ പോകാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയിൽ കെ പി സനിദി (18)നെ നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു സനീദിൻ്റെ ബൈക്കുമായി പെൺകുട്ടിയെ കൊണ്ടുപോയ ശേഷം സനിദിന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്നാട്ടിലുമായി പല ലോഡ്ജുകളിലായി ഇവർ മാറി മാറി താമസിച്ചത്.
പെൺകുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു. ഷൗക്കത്തലിയുമായി പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു. മാഹി സി.ഐ.ആർ.ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കിഷോർ കുമാർ, എ എസ്.ഐ. ശ്രീജേഷ്, റോഷിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കണ്ടെത്തിയത്. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.