മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി റാണയെ ഇന്ത്യയ്ക്ക് കൈമാറും, ആശയവിനിമയം നടത്തി അന്വേഷണ ഏജൻസികൾ
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ തഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കനേഡിയൻ-പാക്ക് പൗരനായ തഹാവൂർ റാണയെ ഡിസംബറിലാകും കൈമാറുക. ഇതുസംബന്ധിച്ച് ഇന്ത്യ-യുഎസ് അന്വേഷണ ഏജൻസികൾ ആശയവിനിമയം നടത്തി. റാണയുടെ ഹർജി യുഎസ് കോടതി നിരസിച്ചതിനെ തുടർന്നാണ് കൈമാറ്റ നീക്കം.
റാണയ്ക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറൽ ഉടമ്പടിയുടെ നിബന്ധനകൾക്കുള്ളിൽ വരുന്നതാണെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. റാണയെ അമേരിക്കയിൽ കുറ്റവിമുക്തനാക്കിയ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമായ ഘടകങ്ങൾ ഇന്ത്യൻ ആരോപണങ്ങളിൽ അടങ്ങിയിരിക്കുന്നു എന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു യുഎസ് അപ്പീൽ കോടതി വിധി.
2020ന്റെ തുടക്കത്തിൽ, കോവിഡ് ബാധിതനായതിനെ തുടർന്ന്, തെക്കൻ കാലിഫോർണിയയിലെ ടെർമിനൽ ഐലൻഡ് ജയിലിൽ നിന്ന് റാണയെ നേരത്തെ മോചിപ്പിക്കാൻ തീരുമാനമായിരുന്നു. ശിക്ഷാ കാലാവധി തീരുന്നതോടെ റാണ മോചിതനാകുമെന്ന കാരണത്താൽ റാണയ്ക്ക് വേണ്ടിയുള്ള താൽക്കാലിക അറസ്റ്റ് വാറണ്ടും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള അപേക്ഷയും ഇന്ത്യ വൈകിപ്പിച്ചു. പിന്നീട് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂൺ 19 ന് ലോസ് ഏഞ്ചൽസിൽ വച്ച് റാണയെ അറസ്റ്റ് ചെയ്തു. 2021-ൽ, കൈമാറുന്നതിനുള്ള ഇന്ത്യയുടെ അഭ്യഥന തീർപ്പാക്കാൻ ബൈഡൻ ഭരണകൂടം ഫെഡറൽ കോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകൻ എതിർത്തെങ്കിലും വിചാരണയ്ക്കായി റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. നേരത്തെ, 2011 ൽ തഹാവൂർ റാണ, ഹെഡ്ലി, ഹാഫിസ് സയീദ്, ലഷ്കർ നേതാവായ സഖിയൂർ റഹ്മാൻ ലഖ്വി, അൽ-ഖയ്ദ പ്രവർത്തകൻ ഇല്ല്യാസ് കശ്മീരി തുടങ്ങി ഒൻപത് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇവർക്ക് പുറമേ നിരവധി പാക്ക് സൈനിക ഉദ്യോഗസ്ഥരും കേസിൽ പ്രതികളായിരുന്നു.