ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ കേസ്; ഡിവൈഎഫ്ഐ മുൻ നേതാവ് സച്ചിത റൈയെ അറസ്റ്റ് ചെയ്യാതെ പൊലീസ്
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കൂടുതല്‍ പേര് ഇവര്‍ക്കെതിരെ പരാതികളുമായി പൊലീസിനെ സമീപിക്കുകയാണ്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയുമായ സച്ചിത റൈ പലരേയും പറഞ്ഞ് പറ്റിച്ചത് ഇങ്ങനെയാണ്. ഒരു ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തിട്ടുണ്ട്.