തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ, ക്രൈംബ്രാഞ്ച് സംഘമെത്തി കാർ കസ്റ്റഡിയിലെടുത്തു
കാസർകോട്: പുത്തിഗെ, മുഗു റോഡിലെ അബൂബക്കർ സിദ്ദിഖിനെ ഗൾഫിൽ നിന്നു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയതിനു പിന്നാലെ കേസിലെ നിർണ്ണായക തെളിവായ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ബലേനോ കാറാണ് തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈ.എസ്.പിയെ കൂടാതെ എസ്.ഐ രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവർ സ്ഥലത്തെത്തി. കാർ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ഫോറൻസിക് വിദഗ്ധരായ മെഹർബ, പി. നാരായണൻ എന്നിവരും സ്ഥലത്തെത്തി കാർ പരിശോധിച്ചു. അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമം ഏതാനും ദിവസമായി ഡിവൈ.എസ്.പിയും സംഘവും ഊർജ്ജിതമാക്കിയിരുന്നു. കാർ ഒളിപ്പിച്ചു വച്ചിട്ടുള്ള സ്ഥലം ക്രൈംബ്രാഞ്ച് സംഘം തിരിച്ചറിഞ്ഞുവെന്നു ബോധ്യമായതോടെയാണ് കാർ ഉപേക്ഷിച്ചതെന്നു സംശയിക്കുന്നു. 2022 ജൂൺ 26ന് ആണ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദിർഹം ഇടപാടുമായി ബന്ധപ്പെട്ട പ്രശനമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഗൾഫിൽ നിന്നു വിളിച്ചുവരുത്തിയ ശേഷം അബൂബക്കർ സിദ്ദിഖിനെ കാറിൽ കയറ്റിക്കൊണ്ടു പോയി പൈവളിഗെയിലെ ആളൊഴിഞ്ഞ പ്രദേശത്തെ ഇരുനില വീട്ടിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു. പിന്നീട് തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചപ്പോഴാണ് മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹം കാറിൽ കയറ്റി ബന്തിയോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു. അന്വേഷണത്തിൽ തൃപ്തരല്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.