കോഴിക്കോട്ട് കാറിൽ നിന്ന് 25 ലക്ഷം കവർന്ന കേസിൽ വഴിത്തിരിവ്, പരാതിക്കാരനും സുഹൃത്തും പിടിയിൽ
കോഴിക്കോട്: എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതി നാടകമെന്ന് പൊലീസ്. എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേർ ചേർന്ന തന്നെ കാറിൽ കെട്ടിയിട്ട ശേഷം കവർന്നു എന്നായിരുന്നു ഏജൻസി ജീവനക്കാരനായ സുഹൈൽ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാൽ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേർന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്. മൊഴിയിലെ വൈരുദ്ധ്യം പൊലീസിന് തുടക്കം മുതൽതന്നെ സംശയം ഉണ്ടാക്കിയിരുന്നു. രണ്ട് പേർ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിൻ്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. എന്നാൽ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോർ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിർണായകമായി. കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിൻ്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല. കാറിൽ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാൽ ഒന്നും ഓർമയില്ലെന്നും കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും സുഹൈൽ പറഞ്ഞിരുന്നു. 25ലക്ഷം നഷ്ടമായെന്ന് സുഹൈൽ പറയുമ്പോൾ, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈരുദ്ധ്യങ്ങളെല്ലാം ചേർന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈൽ വൺഇന്ത്യ എടിഎമ്മിൽ പണം നിറക്കുന്ന ഫ്രാഞ്ചസിയുടെ ജീവനക്കാരനാണ്. സുഹൈൽ, നാദിർ, താഹ എന്നിവർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവിൽ സുഹൈൽ, നാദിർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. താഹയെ പൊലീസ് പിടി കൂടിയെന്നും സൂചനയുണ്ട്. 67.5 ലക്ഷം രൂപയിൽ 30 ലക്ഷം രൂപ നാദിറിൽ നിന്ന് കിട്ടി.