പാലക്കാട് വൻ കഞ്ചാവ് വേട്ട; 20 കിലോയോളം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശിനികൾ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട; 20 കിലോയോളം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശിനികൾ അറസ്റ്റിൽ. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ ടുൺടുണി മൊണ്ടൽ, മസീദബീബി എന്നിവർ 19.3 കിലോ കഞ്ചാവുമായി സംയുക്ത സംഘത്തിൻറെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് പത്ത് ലക്ഷത്തോളം രൂപ വിലവരും.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിവരവേ, ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്സിൻ്റെ എസി കോച്ചിൽ നിന്ന് ഇറങ്ങി സംശയാസ്പദമായ രീതിയിൽ പ്ളാറ്റ്ഫോമിൽ കാണപ്പെട്ട രണ്ട് യുവതികളുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. പരിശോധനകളിൽ നിന്ന് ഒഴിവാകാനും സംശയം തോന്നാതിരിക്കാനുമായി, രണ്ടു വയസ്സുള്ള കൈക്കുഞ്ഞുമായിട്ടായിരുന്നു പ്രതികളുടെ യാത്ര. സംഭവത്തിൽ പാലക്കാട് എക്സൈസ് സർക്കിൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രാഥമികാന്വേഷണത്തിൽ, പ്രതികൾ സമാനമായ രീതിയിൽ ഇതിന് മുൻപും എറണാകുളം പ്രദേശങ്ങളിലേക്ക് കഞ്ചാവ് കടത്തിയതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണോദ്യഗസ്ഥർ പറഞ്ഞു.
പാലക്കാട് ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത്ത് അശോക്, ഹെഡ് കോൺസ്റ്റബിൾ മാരായ എൻ.അശോക്, അജീഷ്.ഒ.കെ എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.കെ.എസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീജി.ബി.ജെ, എക്സൈസ് പ്രിവെന്റീവ് ഓഫീസർ മഹേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു.പി, ബിന്ദു എന്നിവരും ഉണ്ടായിരുന്നു.