പ്രമുഖ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ, മയക്കുമരുന്ന് കണ്ടെത്തിയത് ഭർത്താവിനൊപ്പം താമസിച്ച വീട്ടിൽ നിന്ന്
പരവൂർ: മാരക രാസലഹരിയായ എംഡിഎംഎയുമായി പ്രമുഖ സീരിയൽ നടിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് എന്ന പാർവതി (36) ആണ് പിടിയിലായത്. പരവൂർ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഭർത്താവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഷംനത്തിന് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കിഴവൂർ, ഫൈസൽ വില്ലയിൽ ഫൈസൽ (29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിൻ (32), കണ്ണൂർ , ചെമ്പിലോട് സ്വദേശി ആരതി (30) കിളികൊല്ലൂർ, പ്രഗതി നഗർ ബിലാൽ (35), കല്ലുവാതുക്കൽ, പാമ്പുറം, സ്വദേശി സുമേഷ് (26) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിലപനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ബിലാലും സുമേഷും ചേർന്നാണ് മയക്കുമരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.