തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെകാലത്ത് അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് പണിതത് 6469 വീട്മാത്രം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കണക്കുള്ളത്. എൽഡിഎഫ് സർക്കാർ ലൈഫ് പദ്ധതിയുടെ ഭാഗമായി 2,14,262 വീട് നിർമിച്ചതോടെ അതേക്കാൾ വീട് തങ്ങളുടെ കാലത്ത് നിർമിച്ചെന്ന യുഡിഎഫ് വാദമാണ് ഇതോടെ പൊളിയുന്നത്. ജെയിംസ് മാത്യൂ എംഎൽഎ ഇക്കാര്യം വ്യാഴാഴ്ച നിയമസഭയിൽ ചർച്ചയ്ക്കിടെ ഓർമിപ്പിക്കുകയുംചെയ്തു.
യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2016 ഫെബ്രുവരി 24നാണ് നിയമസഭയിൽ ഉമ്മൻചാണ്ടി ഈ മറുപടി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എത്രപേർക്ക് സർക്കാർ പദ്ധതികളിലൂടെ പാർപ്പിടം നൽകി എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രധാന ചോദ്യം. അതിന് പട്ടിക തിരിച്ചാണ് മറുപടി നൽകിയത്. ഗൃഹശ്രീ പദ്ധതി പ്രകാരം 2734 വീടുകൾക്കാണ് അനുമതി നൽകിയത്. സുരക്ഷ ഭവനപദ്ധതി പ്രകാരം 698 വീടുകൾക്ക് സബ്സിഡി അനുവദിച്ചു. എം എൻ ലക്ഷം വീട് പുനർനിർമാണ പദ്ധതി പ്രകാരം 2191 വീടുകൾക്ക് അനുമതി നൽകിയപ്പോൾ അറ്റകുറ്റപ്പണി പദ്ധതി പ്രകാരം 772 വീടുകൾ അനുവദിച്ചു. പത്രപ്രവർത്തകർക്കുള്ള ഭവന സബ്സിഡിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ 74 വീടുകൾക്ക് സബ്സിഡി നൽകി. ഇതെല്ലാം ചേർത്താണ് 6469 വീടാകുന്നത്. ഇതിലാകട്ടെ പലതും അറ്റകുറ്റപ്പണി നടത്തിയതും അനുമതി നൽകിയതും സബ്സിഡി നൽകിയതുമാണ്.
സുരക്ഷ ഭവനപദ്ധതിക്ക് 169,22,000 രൂപയും എം എൻ ലക്ഷംവീട് നിർമാണ പദ്ധതിക്ക് 187835600 രൂപയും അറ്റകുറ്റപ്പണിക്ക് 7720000 രൂപയും പത്രപ്രവർത്തക ഭവന സബ്സിഡിയായി 5403169 രൂപയുമാണ് അനുവദിച്ചത്. എൽഡിഎഫ് സർക്കാർ ലൈഫ് പദ്ധതിക്കായിമാത്രം 6551.23 കോടിരൂപ അനുവദിച്ചു. രണ്ട് ലക്ഷം മാത്രമായിരുന്ന തുക ലൈഫിൽ നാല് ലക്ഷമായി ഉയർത്തി. പട്ടികവർഗ വിഭാഗങ്ങളുടെ വീടിന് ആറുലക്ഷവും അനുവദിച്ചു.